Thursday, May 2, 2024
keralaNews

ലോകായുക്ത വിധിക്കെതിരേ മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയിലേക്ക്

ബന്ധുനിയമനത്തില്‍ കുറ്റക്കാരനാണെന്ന ലോകായുക്ത വിധിക്കെതിരേ മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന് മുമ്പാകെ സ്വന്തം നിലയ്ക്കു ഹരജി നല്‍കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി നിയമവിദഗ്ധരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണെമെന്ന് അപ്പീല്‍ ഹരജിയില്‍ ആവശ്യപ്പെടും. അവധിക്ക് ശേഷം ഏപ്രില്‍ 13നാണ് ഹൈക്കോടതിയുടെ പ്രവര്‍ത്തനം ആരംഭിക്കുക.ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ മന്ത്രി കെ ടി ജലീല്‍ അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും കാട്ടിയെന്നാണ് ലോകായുക്ത വിധിച്ചത്. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് തോമസ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നു. മലപ്പുറം സ്വദേശി വി കെ മുഹമ്മദ് ഷാഫി സമര്‍പ്പിച്ച ഹരജിയിലാണ് ലോകായുക്ത വിധി. സംസ്ഥാന സര്‍ക്കാര്‍, മന്ത്രി കെ ടി ജലീല്‍, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രഫ. എ പി അബ്ദുല്‍ വഹാബ്, മാനേജിങ് ഡയറക്ടര്‍ എ അക്ബര്‍, കെ ടി അദീബ് എന്നിവരാണ് ഹരജിയിലെ എതിര്‍കക്ഷികള്‍. ജലീലിനെതിരെ മുഖ്യമന്ത്രി യുക്തമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മാനേജര്‍ പദവിയിലിരിക്കെയാണ് അദീബിനെ ഡെപ്യൂട്ടേഷനില്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചത്. നിയമനം വിവാദമായതിനെ തുടര്‍ന്ന് അദീബ് നവംബര്‍ 12ന് രാജിവച്ചിരുന്നു.