Saturday, April 27, 2024
keralaLocal NewsNews

കോയിക്കക്കാവിൽ എല്ലാമുണ്ട്; പക്ഷെ അയ്യപ്പന്മാർക്ക് പ്രാഥമികാവശ്യത്തിനുള്ള സൗകര്യം മാത്രമില്ല: വ്യാപക പ്രതിഷേധം 

എരുമേലി: ശബരിമല തീർത്ഥാടകരുടെ പരമ്പരാഗത കാനനപാതയുടെ പ്രവേശന കവാടമായ  കോയിക്കക്കാവിൽ എല്ലാം ഒരുക്കിയിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അയ്യപ്പന്മാർക്ക് പ്രാഥമികാവശ്യത്തിനുള്ള സൗകര്യം മാത്രമില്ല. കാനന പാതയിലൂടെ യാത്രക്ക് നിയന്ത്രണമുള്ളപ്പോൾ തന്നെ  ഒരു മാസത്തിനുള്ളിൽ നാല്പതിനായിരം പേരാണ് കടന്ന് പോയത്.കോയിക്കക്കാവിൽ അയ്യപ്പന്മാർക്ക് വിശ്രമിക്കാനും, കുടിവെള്ളവും,കാളകെട്ടി വരെയുള്ള സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് ഫോറസ്റ്റ് ഓഫീസർ സനൽരാജ് പറഞ്ഞു.

കോയിക്കക്കാവിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള മെഡിൽ സംഘം അയ്യപ്പ ഭക്തന്മാരെ പരിശോധിക്കുന്നു.

15 ലധികം മറ്റ് ഓഫീസർമാരും സുരക്ഷക്കായി ഉണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മൊബൈൽ യൂണീറ്റ് മെഡിക്കൽ സംഘവും , ഓക്സിജൻ പാർലറും ഒരുക്കിയിട്ടുണ്ട്. പോലീസിന്റെ സഹായവും , വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 16 ഓളം കടകളും തുടങ്ങിയിട്ടുണ്ട്.എന്നാൽ കാനന പാതയിലൂടെയുള്ള യാത്ര വൈകുന്നേരം ആറ് മണി വരെ നിയന്ത്രിച്ചിരിക്കുന്നതിനാൽ ഇതിന് ശേഷം വരുന്ന അയ്യപ്പ ഭക്തർക്ക് വിശ്രമിക്കാനോ – പ്രാഥമികാവശ്യത്തിനോ ഉള്ള യാതൊരു സൗകര്യവുമില്ല. ആറ് മണി കഴിഞ്ഞാൽ പ്രാഥമികാവശ്യത്തിനായി നെട്ടോട്ടമോടുകയാണ്.വനം വകുപ്പ് ഒരുക്കിയിട്ടുള്ള വിശ്രമ കേന്ദ്രവും പരിമിതമായ സൗകര്യമാണുള്ളത്.

കോയിക്കക്കാവിലെ ഓക്സിജൻ പാർലർ.

എരുമേലിയിൽ നിന്നും വരുന്ന നൂറു കണക്കിന് അയ്യപ്പന്മാരാണ് സന്ധ്യയോടെ കോയിക്കക്കാവിലെത്തി മടങ്ങുന്നത്. ഇവരെ കാളകെട്ടിയിലും -എരുമേലിയിലുമെത്തിക്കാൻ വലിയ തുക ഈടാക്കുന്നതായും പരാതി ഉണ്ട്.കുട്ടികളും – പ്രായമായവരുമടക്കം എരുമേലിയിൽ നിന്നും കിലോമീറ്ററുകൾ നടന്ന് വരുന്നവർക്ക് മതിയായ സൗകര്യം അധികൃതർ ഒരുക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.കാനന പാതയിലുള്ള ക്ഷേത്രങ്ങളിലെ അന്നദാനമടക്കമുള്ള സൗകര്യങ്ങൾ മാത്രമാണ് അയ്യപ്പന്മാരുടെ ഏക ആശ്രയം.കോയിക്കക്കാവിൽ അയ്യപ്പഭക്തർക്ക് പ്രാഥമികാവശ്യത്തിനും – അന്നധാനം, വിരി അടക്കമുള്ള സൗകര്യം ഒരുക്കണമെന്നും  നാട്ടുകാർ ആവശ്യപ്പെട്ടു.