Monday, April 29, 2024
keralaNewspolitics

കോട്ടയത്ത് സീറ്റ് വിഭജനത്തില്‍ ഉടക്കി ഇടതു മുന്നണിയും ജോസ് കെ മാണിയും.

കോട്ടയത്ത് സീറ്റ് വിഭജനത്തില്‍ ഉടക്കി ഇടതു മുന്നണിയും ജോസ് കെ മാണിയും. അര്‍ഹത ഉള്ള സീറ്റുകള്‍ ലഭിക്കുന്നില്ല എന്ന പരാതിയുമായി ജോസ് വിഭാഗം രംഗത്തെത്തി. ജില്ലാ പഞ്ചായത്തില്‍ അടക്കം പാര്‍ട്ടിയ്ക്ക് വേണ്ടത്ര സീറ്റ് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. തങ്ങളുടെ സീറ്റ് നല്‍കില്ലെന്ന് വ്യക്തമാക്കി സിപിഐയും രംഗത്തെത്തിയതോടെ ഇടതു മുന്നണിക്ക് കീറാമുട്ടിയായി മാറിയിരിക്കുകയാണ് കോട്ടയത്തെ സീറ്റ് വിഭജനം.
ഉപാധിയില്ലാതെ ഇടതുമുന്നണിയിലേക്ക് പ്രവേശിക്കുകയാണെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. എന്നാല്‍ തെരഞ്ഞെടുപ്പ് എത്തിയതോടെ പാര്‍ട്ടിയുടെ നിലപാട് മാറി. തങ്ങള്‍ക്ക് അര്‍ഹമായ സീറ്റുകള്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗത്തിലെ നേതാക്കള്‍ തന്നെ രംഗത്തെത്തി. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ശക്തമായ പാര്‍ട്ടിയാണ്. ശക്തിക്ക് അനുസരിച്ച് അര്‍ഹമായ പരിഗണന വേണം. സിപിഐയും സിപിഎമ്മും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും നേതാക്കള്‍ പറയുന്നു.കേരളാ കോണ്‍ഗ്രസിന് സീറ്റ് വിട്ട് നല്‍കില്ലെന്നാണ് സിപിഐയുടെ നിലപാട്. അവകാശപ്പെട്ട സീറ്റ് നിഷേധിച്ചാല്‍ പാലാ നഗരസഭയിലടക്കം തനിച്ച് മത്സരിക്കുമെന്നും സിപിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളടക്കം പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്തിയെങ്കിലും ഇത് ഫലം കണ്ടില്ല. സിപിഐയുടെ ജില്ലാ എക്‌സിക്യൂട്ടീവ് ഇന്ന് ചേരുന്നുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.