Wednesday, May 15, 2024
keralaNews

ഭാര്യയെ ഭയപ്പെടുത്തിയാല്‍ പതറില്ല; ടേം നിബന്ധനയില്‍ ഇനി ഇളവില്ല: കോടിയേരി

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു മാറി നില്‍ക്കുമ്പോഴും നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നവരില്‍ മുഖ്യമന്ത്രിക്കൊപ്പമാണ് പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ സ്ഥാനം. സ്ഥാനാര്‍ഥി നിര്‍ണയത്തിലും സീറ്റു വിഭജനചര്‍ച്ചകളിലുമെല്ലാം നിര്‍ണായക പങ്ക് കോടിയേരി വഹിക്കുന്നു. മകന്‍ ബിനീഷ് അറസ്റ്റിലായതിനു പിന്നാലെ ഭാര്യ വിനോദിനിക്കെതിരെ കസ്റ്റംസിന്റെ ഐ ഫോണ്‍ ആരോപണം കൂടി ഉയര്‍ന്നതോടെ വിവാദങ്ങള്‍ വീണ്ടും അദ്ദേഹത്തെ വേട്ടയാടുന്ന സാഹചര്യമാണ്. കാന്‍സര്‍ ചികിത്സ തുടരുന്നതിനാല്‍ ‘ഞാന്‍ നടത്തുന്നത് ഇരട്ടപ്പോരാട്ടമാണ്’ എന്ന് ഈ അഭിമുഖത്തില്‍ കോടിയേരി ചൂണ്ടിക്കാട്ടുന്നു. മന്ത്രിമാരെയും സ്പീക്കറെയും തിരഞ്ഞെടുപ്പ് രംഗത്തുനിന്നു സിപിഎം മാറ്റിയതു കൂടി ചര്‍ച്ചാവിഷയമായ പശ്ചാത്തലത്തില്‍ മലയാള മനോരമ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറില്‍’ കോടിയേരി സംസാരിക്കുന്നു.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കേരളത്തില്‍ ഇടതുപക്ഷത്തിനു തുടര്‍ഭരണം അനിവാര്യമാണെന്നു സിപിഎം കരുതുന്നോ? അതിനുള്ള സാധ്യത എത്രത്തോളം?

ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് ഇടതു ഭരണം ഉള്ളത് എന്നതുകൊണ്ടു തുടര്‍ഭരണം ഉറപ്പാക്കുക എന്നതു വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ ദൗത്യമാണ്. ബിജെപി സര്‍ക്കാരിനെതിരെ ആശയപരമായി പോരാടുന്നത് ഇടതുപക്ഷം മാത്രമാണ്. മത നിരപേക്ഷത, ജനാധിപത്യം, ബഹുസ്വരത എന്നിവയെല്ലാം സംരക്ഷിക്കണമെങ്കില്‍ ഇടതുപക്ഷം രാജ്യത്തു ശക്തിപ്പെടണം. ഇന്ത്യയിലെ ഇടതുപക്ഷ മുന്നേറ്റത്തിനും മത നിരപക്ഷത സംരക്ഷിക്കാനും കേരളത്തില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നേ മതിയാകൂ.

ഇതു മുന്നില്‍ കണ്ടു കേരളത്തിലെ സിപിഎം സ്ഥാനാര്‍ഥി നിര്‍ണയ പ്രക്രിയ നടന്നുവരികയാണ്.പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രകാരം തലമുറ മാറ്റത്തിനു പാര്‍ട്ടി ഒരുങ്ങുകയാണോ?സിപിഎമ്മില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനു വേണ്ട ഉള്‍പ്പാര്‍ട്ടി ചര്‍ച്ച നടക്കുകയാണ്. അന്തിമ തീരുമാനം ആയിട്ടില്ല. പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കണം എന്നാണു സംസ്ഥാനകമ്മിറ്റി എടുത്ത പ്രധാന തീരുമാനം. പുതിയ തലമുറയെ കൊണ്ടുവരണമെങ്കില്‍ നിയമസഭയില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കണം. അക്കാര്യത്തില്‍ ആര്‍ക്കും ഇളവു കൊടുക്കാന്‍ സാധിക്കില്ല. സംസ്ഥാന കമ്മിറ്റി ഒരു മാസം മുന്‍പ് ഇക്കാര്യം ചര്‍ച്ച ചെയ്തു മാര്‍ഗനിര്‍ദേശം കൈമാറിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റും കമ്മിറ്റിയും നടത്തിയ ചര്‍ച്ചയില്‍ രണ്ടു ടേം പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കണം എന്നതില്‍ ഉറച്ചു നില്‍ക്കാന്‍ തീരുമാനിച്ചു. ചില സ്ഥലങ്ങളില്‍ ഇളവു കൊടുക്കണമെന്നു ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മാര്‍ഗനിര്‍ദേശം കര്‍ശനമായി നടപ്പാക്കി സ്ഥാനാര്‍ഥികളെ സംബന്ധിച്ച സംസ്ഥാനകമ്മിറ്റി നിര്‍ദേശം ചര്‍ച്ച ചെയ്യണം എന്നാണു ജില്ലാ കമ്മിറ്റികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് എട്ടിനു ചേരുന്ന സെക്രട്ടേറിയറ്റ് യോഗമേ അന്തിമ തീരുമാനമെടുക്കൂ.