Wednesday, May 22, 2024
keralaNews

സംസ്ഥാനത്ത് ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവര്‍ത്തിക്കുന്ന 220 ആശുപത്രികള്‍..

സംസ്ഥാനത്ത് ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവര്‍ത്തിക്കുന്ന 220 ആശുപത്രികളുണ്ടെന്ന് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം. ഇവിടങ്ങളില്‍ തീപിടുത്ത സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കൊല്ലം ജില്ലകളിലാണ് നിയമലംഘനങ്ങള്‍ ഏറെയും കണ്ടെത്തിയിരിക്കുന്നത്. പരിശോധനയില്‍ തിരുവനന്തപുരത്ത് മാത്രം 65 ആശുപത്രികള്‍ക്ക് ഫയര്‍ സേഫ്റ്റി എന്‍ഒസി ഇല്ലെന്ന് കണ്ടെത്തി. കോട്ടയത്ത് 37ഉം , തൃശൂരില്‍ 27ഉം, കൊല്ലത്ത് 25ഉം ആശുപത്രികള്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവര്‍ത്തിക്കുന്നത് 220 ആശുപത്രികളാണെന്ന് പരിശോധനയില്‍ വ്യക്തമായി.നാവികസേന നിയോഗിച്ച സംഘവും പരിശോധനയില്‍ പങ്കെടുത്തിരുന്നു.നാവികസേന യുടെ കൊച്ചി ആസ്ഥാനമായുള്ള ദക്ഷിണനാവിക കമാന്റില്‍ നിന്നും ഏഴിമല നാവിക അക്കാ ദമിയില്‍ നിന്നുമുള്ള സംഘങ്ങളാണ് പരിശോധനയില്‍ പങ്കെടുത്തത്. ചീഫ് സെക്രട്ടറി യുടെ ആവശ്യപ്രകാരമാണ് നാവികസേന അന്വേഷണത്തില്‍ സഹകരിച്ചത്. നാവികസേന ഇത് സംബന്ധിച്ച വിശദമായ റിപോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് നല്‍കും .അതേസമയം, കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലടക്കം പരിശോധനയില്‍ വീഴ്ച കണ്ടെത്തിയിട്ടുണ്ട്. പഴയ ആശുപത്രികളിലാണ് കൂടുതല്‍ നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തീപിടുത്തമുണ്ടായാല്‍ രോഗികളെ ഒഴിപ്പിക്കുന്നതിനുള്ള സംവിധാനം പലയിടത്തുമില്ലെന്നും പരിശോധനാ സംഘം കണ്ടെത്തി. മെയ് 14 മുതല്‍ 21 വരെയാണ് പരിശോധന നടന്നത്.