Thursday, May 16, 2024
indiaNewspolitics

മമത ബാനര്‍ജി ഭവാനിപ്പൂരില്‍ നിന്ന് ജനവിധി തേടിയേക്കും

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഭവാനിപ്പൂരില്‍നിന്ന് വീണ്ടും ജനവിധി തേടിയേക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയെങ്കിലും നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോട് ഏറ്റുമുട്ടി മമത പരാജയപ്പെട്ടിരുന്നു. സിറ്റിങ് എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയും ചെയ്ത സുവേന്ദു അധികാരി ആയിരുന്നു മമതയെ തോല്‍പ്പിച്ചത് . തൃണമൂലില്‍ അംഗമായിരിക്കെ മമതയുടെ വിശ്വസ്തനായിരുന്നു സുവേന്ദു അധികാരി . 2016-ല്‍ വിജയിച്ച ഭവാനിപ്പൂരില്‍ നിന്നാകും മമത വീണ്ടും ജനവിധി തേടുക. ഇത്തവണ തൃണമൂലിന്റെ ശോഭന്‍ദേവ് ചട്ടോപാധ്യായയാണ് ഭവാനിപ്പൂരില്‍ നിന്ന് വിജയിച്ചത്. ശോഭന്‍ ദേവ് ഉടന്‍ രാജിവെച്ച് മമതയ്ക്ക് വഴിമാറിക്കൊടുക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.                                                                                         ബംഗാളില്‍ അട്ടിമറി വിജയം നേടി മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. നിയമസഭാംഗം അല്ലാത്ത ഒരാള്‍ മന്ത്രിയായാല്‍ ആറുമാസത്തിനകം നിയമസഭാംഗത്വം നേടിയിരിക്കണം. അല്ലാത്തപക്ഷം രാജി സമര്‍പ്പിക്കണമെന്നാണ് ഭരണഘടനയുടെ 164-ാം അനുച്ഛേദത്തില്‍ പരാമര്‍ശിക്കുന്നത് . ഇതനുസരിച്ച് ആറുമാസത്തിനകം നിയമസഭാംഗത്വം നേടിയില്ലെങ്കില്‍ മമതയ്ക്ക് അധികാരത്തില്‍ തുടരാനാകില്ല. ഈ പശ്ചാത്തലത്തിലാണ് ഭവാനിപ്പൂരില്‍നിന്ന് മമത വീണ്ടും മത്സരിക്കാന്‍ തയ്യാറെടുക്കുന്നത് .