Saturday, May 4, 2024
keralaNews

ധാരണാപത്രം ‘അസെന്‍ഡി’ന് ഒന്നര മാസത്തിനു ശേഷം

ഇഎംസിസിയുമായി 5000 കോടി രൂപയുടെ പദ്ധതിക്കു സര്‍ക്കാര്‍ ആദ്യ ധാരണാപത്രം ഒപ്പിട്ടത് ‘അസെന്‍ഡ്’ നിക്ഷേപക സംഗമം പൂര്‍ത്തിയായി ഒന്നര മാസത്തിനു ശേഷം. 2020 ജനുവരി 9, 10 തീയതികളില്‍ കൊച്ചിയില്‍ നിക്ഷേപക സംഗമം നടന്നത്. ധാരണാപത്രത്തിന്റെ തുടക്കത്തില്‍ ജനുവരി 10 എന്ന തീയതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കെഎസ്‌ഐഡിസി എംഡി എം.ജി.രാജമാണിക്യം, ഇഎംസിസി പ്രസിഡന്റ് ഷിജു വര്‍ഗീസ് എന്നിവര്‍ ഒപ്പിട്ട തീയതി ഫെബ്രുവരി 28 ആണ്. അസെന്‍ഡില്‍ ഉയര്‍ന്ന നിര്‍ദേശം പരിശോധിക്കാന്‍ സര്‍ക്കാരിന് ആവശ്യത്തിനു സമയം ലഭിച്ചിരുന്നുവെന്നു വ്യക്തം. അസെന്‍ഡ് സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച നിക്ഷേപകരുടെ പട്ടികയിലും ഇഎംസിസിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല.

ആകെ 98,908 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെന്നായിരുന്നു പ്രഖ്യാപനം. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ 66,700 കോടി മുതല്‍ അഗാപെ ഡയഗ്നോസ്റ്റിക്‌സിന്റെ 500 കോടി വരെയുള്ള നിക്ഷേപങ്ങളുടെ പട്ടികയാണ് അന്നു മുഖ്യമന്ത്രി അവതരിപ്പിച്ചത്. എന്നിട്ടും 5000 കോടി മുതല്‍മുടക്കുള്ള ഇഎംസിസി പദ്ധതി അതില്‍ ഉള്‍പ്പെട്ടില്ല. പിന്നീട് ഫെബ്രുവരി 20നു നിയമസഭയില്‍ അസെന്‍ഡുമായി ബന്ധപ്പെട്ട ചോദ്യത്തിനു മന്ത്രി ഇ.പി.ജയരാജന്‍ നല്‍കിയ മറുപടിയിലും ഇഎംസിസിയുടെ പേരില്ല. മോന്‍സ് ജോസഫ്, പി.ജെ.ജോസഫ്, സി.എഫ്.തോമസ് എന്നിവരുടെ ചോദ്യത്തിനാണു മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. ഇഎംസിസി ഒഴികെ ധാരണാപത്രം ഒപ്പിട്ടതും താല്‍പര്യപത്രം ലഭിച്ചതുമായ പദ്ധതികളെല്ലാം ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ധാരണാപത്രത്തിന് കാലാവധി 6 മാസം

സര്‍ക്കാര്‍ വകുപ്പുകളുമായുള്ള ധാരണാപത്രത്തിന്റെ കാലാവധി 6 മാസം മാത്രമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍. 6 മാസം കഴിഞ്ഞാല്‍ നിയമസാധുത തീരും. പിന്നീട് ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സാധ്യമല്ല. കെഎസ്‌ഐഡിസിയുമായി ഇഎംസിസിയുടെ ധാരണാപത്രം ഒപ്പിട്ടിട്ട് 12 മാസമായി. ഫലത്തില്‍ കാലാവധി അവസാനിച്ചതിനാല്‍ ഈ ധാരണാപത്രം പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്നാണു സര്‍ക്കാര്‍ വിലയിരുത്തല്‍.