Friday, April 26, 2024
keralaNewsUncategorized

പേപ്പട്ടി എന്ന് വിളിച്ചിട്ടില്ല, മാദ്ധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ചു: ലോകായുക്ത

തിരുവനന്തപുരം: പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചെന്ന വിവാദത്തില്‍ ലോകായുക്തയുടെ വിശദീകരണം പത്രക്കുറിലൂടെ നല്‍കി. പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചെന്ന വിവാദത്തിലും മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്ത്താര്‍ വിരുന്നില്‍ പങ്കെടുത്ത സംഭവവും ന്യായീകരിച്ചുകൊണ്ടാണ് പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ലോകായുക്ത വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുന്നത്.പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചതായുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. കോടതിയില്‍ കേസ് നടക്കുമ്പോള്‍ തന്നെ പരാതിക്കാരനും കൂട്ടാളികളും സാമൂഹ്യമാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മാദ്ധ്യമങ്ങളിലൂടെ ജഡ്ജിമാരെ വ്യക്തിപരമായി അവഹേളിക്കുന്നതിലെ അനൗചിത്യം ലോകായുക്ത ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്ത്. എങ്കിലും അതിനൊക്കെ മറുപടി പറയാത്തത് ജഡ്ജിമാരുടെ വിവേകം കൊണ്ടാണെന്നും പറഞ്ഞു. വിവേകപൂര്‍വ്വമായ പ്രതികരണത്തിനു ഒരു ഉദാഹരണവും പറഞ്ഞു. വഴിയില്‍ പേപ്പട്ടി നില്‍ക്കുന്നത് കണ്ടാല്‍ അതിന്റെ വായില്‍ കോലിടാന്‍ നില്ക്കാതെ ഒഴിഞ്ഞുമാറിപ്പോകുന്നതാണു വിവേകമെന്നു ലോകായുക്ത ചൂണ്ടിക്കാട്ടിയെന്നും പത്രക്കുറിപ്പില്‍ പറയുന്നു.ആശയം വിശദമാക്കാന്‍ ഒരു ഉദാഹരണം പറഞ്ഞാല്‍ പരാതിക്കാരനെ ‘പേപ്പട്ടി എന്നു വിളിച്ചു’ എന്നുപറഞ്ഞ് ബഹളമുണ്ടാക്കുന്നത് നിയമ പ്രശ്നത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ്. ലോകായുക്ത പരാതിക്കാരനെ ‘പേപ്പട്ടി’യെന്നു വിളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മാധ്യമങ്ങളും ചേര്‍ന്ന് ആ തൊപ്പി അദ്ദേഹത്തിന്റെ ശിരസ്സില്‍ അണിയിച്ചതാണെന്നും കുറിപ്പില്‍ വിമര്‍ശിച്ചു.ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് പിണറായി വിജയന്‍ നടത്തിയ സ്വകാര്യ ഇഫ്താര്‍ വിരുന്നിലല്ലെന്നും കേരളത്തിന്റെ മുഖ്യമന്ത്രി ആതിഥ്യം നല്‍കിയ ഔദ്യോഗിക ഇഫ്താര്‍ വിരുന്നിലാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും ഒപ്പം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍, കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍, പിന്നോക്ക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ മുന്‍ ജഡ്ജിമാരും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. ലോകായുക്തയും ഉപലോകായുക്തയുമല്ലാതെ വേറെ ജഡ്ജിമാര്‍ ആരും പങ്കെടുത്തില്ല എന്നത് ദുരുദ്ദേശപരമായ ദുഷ്പ്രചാരണമാണ്. മുഖ്യമന്ത്രിയും ലോകായുക്തയും സ്വകാര്യസംഭാഷണം നടത്തിയെന്ന പ്രസ്താവനയും പച്ചക്കള്ളമാണെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു.