Monday, April 29, 2024
keralaNews

പുറത്താക്കിയ കുഫോസ് വിസിക്കായി അഭിഭാഷകനെ നിയോഗിക്കും

തിരുവനന്തപുരം: കുഫോസില്‍ യുജിസി ചട്ടങ്ങള്‍ ലംഘിച്ച് വി സിയെ നിയമിച്ചതിനെ റദ്ദാക്കിയ ഹൈക്കോടതിയുടെ വിധിക്കെതിര പുറത്താക്കപ്പെട്ട വി സി ഡോ. റിജി ജോണിന് വേണ്ടി സുപ്രീംകോടതിയില്‍ അഭിഭാഷകനെ നിയോഗിച്ച് സര്‍വകലാശാല ഗവേണിംഗ് കൗണ്‍സില്‍.  ഹൈക്കോടതി വിധിക്കെതിര നാലാം എതിര്‍കക്ഷി എന്ന നിലക്കാണ് അഭിഭാഷകനെ നിയോഗിക്കുന്നതെന്ന് വ്യക്തമാക്കുമ്പോഴും റിജി ജോണിനെ അനുകൂലിച്ച് നിലപാട് എടുക്കാനാണ് ധാരണ. സര്‍വകലാശാല ധനകാര്യ വിഭാഗത്തിന്റെ അഭിപ്രായം തേടാതെയാണ് തിടുക്കപ്പെട്ട നീക്കങ്ങള്‍. അഭിഭാഷകന് വേണ്ടി നല്‍കേണ്ട ഫീസ് തനത് ഫണ്ടില്‍ നിന്നാണ് ചെലവഴിക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഫീസില്‍ നിന്നടക്കം ഇതിനായി തുക വകമാറ്റേണ്ടി വരും. റിജി ജോണിന്റെ ഭാര്യ റോസ്‌ലിന്‍ ജോര്‍ജിനെയാണ് താത്കാലിക വിസിയായി നിയമിച്ചത്. റോസ്‌ലിന്‍ ജോര്‍ജിന്റെ നടപടികള്‍ക്കെതിരെയും ആക്ഷേപങ്ങളുണ്ട്. റോസ്ലിന്‍ ജോര്‍ജിന് ഇടത് സംഘടനകളുടെയും പിന്തുണയുണ്ട്. കുഫോസ് വിസിയായി റിജി ജോണിന്റെ നിയമനം റദ്ദാക്കിയ സാഹചര്യത്തില്‍ കുഫോസ് ആക്ടിംഗ് വിസിയായി ഡോ. എം റോസലിന്‍ഡ് ജോര്‍ജിനെ നിയമിച്ചിരുന്നു.                                                                                               കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ വിസി കെ റിജി ജോണ്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ കിട്ടിയിരുന്നില്ല. കാര്‍ഷിക വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റില്‍ വരുന്നതാണ്. യുജിസി ചട്ടം ബാധകമല്ല. എന്നാല്‍ ഹൈക്കോടതി ഇത് കണക്കില്‍ എടുത്തില്ലെന്നാണ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പറയുന്നത്. അഭിഭാഷക ആനി മാത്യുവാണ് റിജി ജോണിനായി ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് കുഫോസ് വിസി ഡോ. കെ റിജി ജോണിന്റെ നിയമനം റദ്ദാക്കിയത്. യുജിസി ചട്ടങ്ങള്‍ ലംഘിച്ചാണ് റിജി ജോണിന്റെ നിയമനം എന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതിയുടെ വിധി.