Sunday, April 28, 2024
indiaNewspolitics

മുഖ്യമന്ത്രി സ്ഥാനം ഡികെ ശിവകുമാറിന് ഓഫറുകള്‍

ദില്ലി : കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് സമവായമുണ്ടാക്കാന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെ ഡി കെ ശിവകുമാറിന് കോണ്‍ഗ്രസ് നേതൃത്വം
കൂടുതല്‍ ഓഫറുകള്‍ വച്ചു. ഉപമുഖ്യമന്ത്രി പദത്തിനും പ്രധാന വകുപ്പുകള്‍ക്കും പുറമെ, ശിവകുമാര്‍ നിര്‍ദ്ദേശിക്കുന്ന മൂന്ന് പേരെ മന്ത്രി സഭയിലുള്‍പ്പെടുത്താമെന്ന് വാഗ്ദാനവും നേതൃത്വം മുന്നോട്ട് വച്ചു. രാഹുല്‍ ഗാന്ധി കൂടി പങ്കെടുത്ത യോഗത്തിലാണ് നിര്‍ദ്ദേശം ഉയര്‍ന്നത്. സിദ്ധരാമയ്യയോ ഡികെയോ മുഖ്യമന്ത്രിയാകുക എന്ന ആകാംഷയാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ബാക്കി വച്ചിരിക്കുന്നത്. രണ്ട് ടേം ആയി മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാമെന്ന ഓഫര്‍ നേരത്തേ സിദ്ധരാമയ്യ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ സംസ്ഥാന മുഖ്യമന്ത്രി പദത്തില്‍ ആദ്യ രണ്ട് വര്‍ഷം തന്നെ പരിഗണിക്കണമെന്ന കടുത്ത നിലപാട് ഡികെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ട് വര്‍ഷം സിദ്ധരാമയ്യക്കും പിന്നീട് ഡികെ ശിവകുമാറിനും എന്നായിരുന്നു ഹൈക്കമാന്റ് ഫോര്‍മുല. ഡികെ നിലപാട് വ്യക്തമാക്കിയതോടെയാണ് പുതിയ ഓഫര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. സിദ്ധരാമയ്യയെ മുഖ്യമന്ത്രി ആക്കാനുളള തീരുമാനത്തിലെ അതൃപ്തി മറച്ചുവെക്കുന്നില്ല ഡി കെ ശിവകുമാര്‍. ദില്ലിയിലേക്ക് പോകാനായി വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ വാര്‍ത്ത ഏജന്‍സിയോട് സംസാരിച്ച അദ്ദേഹം ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. ‘പിന്നില്‍ നിന്ന് കുത്താനില്ല, പാര്‍ട്ടി അമ്മയെപ്പോലെയാണ്’ എന്ന് അദ്ദേഹം പറഞ്ഞു. യോഗ്യനെങ്കില്‍ പാര്‍ട്ടി അധിക ചുമതലകള്‍ നല്‍കും, ഒന്നിലും ആശങ്കയില്ല, ബിപി ഇപ്പോള്‍ നോര്‍മല്‍ ആണെന്നും ആദ്ദേഹം പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രി പദത്തിലാരെന്ന ചോദ്യത്തില്‍ എല്ലാ കണ്ണുകളും ദില്ലിയിലേക്ക് നീങ്ങുകയാണ്. സോണിയ ഗാന്ധി നേരില്‍ സംസാരിക്കുന്നതോടെ ശിവകുമാര്‍ അയയും എന്ന പ്രതീക്ഷയിലാണ് ഹൈക്കമാന്‍ഡ്.