Saturday, May 11, 2024
keralaNewspolitics

കര്‍ണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്

കര്‍ണാടക:  224 നിയമസഭ മണ്ഡലങ്ങളിലേക്ക് കര്‍ണാടക ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 58,282 പോളിംഗ് ബൂത്തുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. അഞ്ചര കോടി വോട്ടര്‍മാരാകും വിധിയെഴുതുക. 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായിട്ടാണ് നടക്കുക. 2613 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുക. ഭിന്നശേഷിക്കാര്‍ക്കും 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21 കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. 9.17 ലക്ഷം പുതിയ വോട്ടര്‍മാരും 4,699 ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരും ഇത്തവണ ബൂത്തിലെത്തും. രാവിലെ ഏഴ് മുതലാണ് പോളിംഗ് ആരംഭിക്കുക. കര്‍ണാടക നിയമസഭയുടെ അംഗസംഖ്യ ആകെ 224 ആണ്. 113 എംഎല്‍എമാരുടെ കക്ഷിയ്ക്കാണ് ഭരണം. 224 അംഗ നിയമസഭയില്‍ 103 മുതല്‍ 118 വരെ സീറ്റുകള്‍ നിലനിര്‍ത്തി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. 42 ശതമാനം വോട്ടുകള്‍ ബിജെപി നേടും. കോണ്‍ഗ്രസ് തന്നെയാകും രണ്ടാമത്തെ വലിയ ഒറ്റക്കക്ഷി. 82 മുതല്‍ 97 വരെ സീറ്റുകള്‍ വരെ കോണ്‍ഗ്രസ് സംസ്ഥാനത്ത് നേടും. 41 ശതമാനം വോട്ടും കരസ്ഥമാക്കും. പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ ജെഡിഎസ് മുന്നേറുമെന്നും ഇത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നും സര്‍വേയില്‍ പറയുന്നു. ജനതാദള്‍ 28 മുതല്‍ 33 സീറ്റുവരെ നേടും. പ്രചരണത്തിന്റെ ആദ്യഘട്ടത്തില്‍ പുറത്തുവന്ന സര്‍വേകള്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം നല്‍കിയിരുന്നു. കേന്ദ്രമന്ത്രിമാരും പാര്‍ട്ടി അദ്ധ്യക്ഷനും സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. സുമലത അംബരീഷും, സൂപ്പര്‍ സ്റ്റാര്‍ കിച്ച സുദീപും പ്രചരണത്തിനിറങ്ങിയത് ബിജെപിയ്ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.സുരക്ഷയ്ക്കായി 1,56,000 പോലീസ് ഉദ്യോഗസ്ഥര്‍, കോണ്‍സ്റ്റബിള്‍മാര്‍, ഹോം ഗാര്‍ഡുകള്‍, അര്‍ദ്ധ സൈനികര്‍ എന്നിവരെ വിന്യസിക്കും. പ്രശ്ന ബാധിത പ്രദേശങ്ങളിലെ ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് ഭയമില്ലാതെ വോട്ട് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അന്തര്‍ ജില്ലാ-അന്തര്‍ സംസ്ഥാന അതിര്‍ത്തികളിലെ 700 ചെക്ക്പോസ്റ്റുകളില്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മേയ് 13ന് ആണ് വോട്ടെണ്ണല്‍.