Wednesday, May 15, 2024
keralaNews

കാഞ്ഞിരപ്പള്ളിയില്‍ കിടപ്പ് രോഗികള്‍ക്ക് ആശ്വാസമായി പാലീയേറ്റിവ് പരിചരണ യൂണിറ്റ്.

കിടപ്പ് രോഗികള്‍ക്ക് ആശ്വാസമായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ രണ്ടാമത് പാലീയേറ്റിവ് പരിചരണ യൂണിറ്റ് സേവനമാരംഭിച്ചു.കാളകെട്ടി, വിഴിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ച് വരുന്ന പാലീയേറ്റീവ് ടീമിന്റെ ഭാഗമായി ഒരു നഴ്‌സും, സഹായിയും അടക്കമുള്ള രണ്ടാമത് ടീമിനെ നിയോഗിച്ച് കൂടുതല്‍ കിടപ്പ് രോഗികള്‍ക്ക് പരിചരണം നല്‍കാനുള്ള സംവിധാനമാണ് പുതിയതായി ഒരുക്കിയത്.നിലവില്‍ ഒരു നഴ്‌സും,സഹായിയും അടങ്ങുന്ന ടീമിന്റെ സേവനമാണ് പഞ്ചായത്തിലെ 23 വാര്‍ഡുകളിലെ 300 ഓളം വരുന്ന കിടപ്പ് രോഗികള്‍ക്ക് നല്‍കി വരുന്നത്. ഈ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് പുതിയ ടീമിനെ നിയോഗിച്ചത്. ആംബുലന്‍സ്, മരുന്നുകള്‍, രോഗികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ എന്നിവയും പാലിയേറ്റിവ് സേവനത്തിന്റെ ഭാഗമായി ലഭ്യമാണ്. പുതിയ പാലീയേറ്റിവ് ടീമിന്റെ പ്രവര്‍ത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീര്‍ നിര്‍വ്വഹിച്ചു. കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജോ വാളാന്തറ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി മാത്യു എന്നിവര്‍ പങ്കെടുത്തു .