Friday, May 17, 2024
keralaNews

ബാലഭാസ്‌കറിന്റെ മരണം: പിന്നില്‍ ഇസ്രയേലില്‍ ജോലിയുള്ള യുവതിയെന്ന് ; കലാഭവന്‍ സോബി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ മൊഴി മാറ്റി പറയാന്‍ മൂന്നു തവണ തന്റെയടുത്ത് മധ്യസ്ഥ ശ്രമവുമായി ആളുകളെത്തിയെന്നു കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍.കഴിഞ്ഞ രണ്ടു ദിവസങ്ങളായി സിബിഐ നടത്തിയ നുണ പരിശോധനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഇസ്രയേലില്‍ ജോലി ചെയ്യുന്ന ഒരു കോതമംഗലം സ്വദേശിനി വഴിയാണ് മൂന്നു തവണയായി നാലു പേരടങ്ങുന്ന സംഘം തന്നെ കാണാനെത്തിയത്. വന്നവര്‍ പണം വാഗ്ദാനം ചെയ്തതായും സോബി പറയുന്നു. ഇവര്‍ വാഹനത്തില്‍ വന്നിറങ്ങുമ്പോള്‍ മുതലുള്ള വിഡിയോ ദൃശ്യങ്ങളും പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട്. സംസാരം മാത്രമേ ഇല്ലാത്തതുള്ളൂ.ആവശ്യപ്പെട്ടാല്‍ ഇവ ഹാജരാക്കാമെന്നും അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.

2019 നവംബര്‍ മാസത്തിലും ഡിസംബര്‍ അവസാനവും ജനുവരി 18നുമാണ് ഇവര്‍ തന്നെ സമീപിച്ചത്. നാലു പേര്‍ വീതമാണ് വന്നത്. ഇവരില്‍ ഒരാള്‍ മാത്രമാണ് മൂന്നു പ്രാവശ്യവും സംഘത്തിലുണ്ടായിരുന്നത്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന യുവതി പറഞ്ഞതനുസരിച്ചാണ് വരുന്നത് എന്നും ഇവര്‍ പറഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്താണ് ഇസ്രായേലിലുള്ള യുവതി എന്നാണ് പറഞ്ഞത്.

അവസാനം വന്നത് ഒരു ജാഗ്വാര്‍ കാറിലായിരുന്നെങ്കില്‍ അതിനു മുമ്പ് ഒരു തവണ ബിഎംഡബ്ല്യു കാറിലും ഒരു തവണ ഫോര്‍ച്യൂണറിലുമാണ് വന്നത്. ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ആ സമയത്തു തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതാണ്. ഈ നഴ്‌സിന്റെ പേരു വിവരങ്ങള്‍ പുറത്ത് ആരോടും വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണ സംഘത്തെ ഇവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പടെ നല്‍കിയിട്ടുണ്ട്. ഇനി സിബിഐ അന്വേഷണ സംഘം അവരെ വിളിച്ചു വരുത്തി ചോദിക്കട്ടെ. താന്‍ അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണില്‍ ലഭിച്ചില്ലെന്നും സോബി പറയുന്നു.മൂവാറ്റുപുഴയില്‍ സ്വര്‍ണക്കടത്ത് കേസില്‍ ഒരാളെ പിടികൂടിയപ്പോള്‍ തന്നെ കാണാന്‍ വന്ന സംഘത്തിലുള്ള ആളാണോ എന്ന് ആദ്യം സംശയിച്ചിരുന്നു. പലരോടും ചോദിച്ച് മാസ്‌ക് ഇല്ലാത്ത ഫോട്ടോ എടുപ്പിച്ചിരുന്നു. പിന്നീട് ആള്‍ ഇതല്ലെന്നു ഉറപ്പിച്ചു. താന്‍ ഉദ്യോഗസ്ഥരോട് ഈ വിവരങ്ങള്‍ അറയിച്ച ശേഷം ഇവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ആദ്യത്തെ തവണ നുണ പരിശോധനയ്ക്ക് ചോദിച്ച ചോദ്യങ്ങള്‍ തന്നെ വീണ്ടും ആവര്‍ത്തിക്കുകയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. ഫൊറന്‍സിക് റിപ്പോര്‍ട്ട് ഫലം ഒരാഴ്ചയ്ക്കകം വരുമെന്നാണ് പറഞ്ഞത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്. അറസ്റ്റുണ്ടാകും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

15 ദിവസം കഴിഞ്ഞ് അറസ്റ്റുണ്ടാകുമെന്ന് താന്‍ മാധ്യമങ്ങളോട് പറഞ്ഞത് എന്തിനാണെന്ന് ചില സിബിഐ ഉദ്യോഗസ്ഥര്‍ ചോദിച്ചിരുന്നു. എന്തായാലും ബാലഭാസ്‌കറിന് സംഭവിച്ചത് വെറും അപകടമല്ല, ക്രൈമാണെന്ന് അവര്‍ക്ക് മനസിലായിട്ടുണ്ട്. അതിലേക്ക് എത്താനുള്ള കൃത്യമായ പോയിന്റിലെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് മനസിലാകുന്നത്. അതുകൊണ്ടാണ് മറ്റുള്ളവരെ കൂടി നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. മധ്യസ്ഥതയ്ക്ക് ഉള്‍പ്പടെ തന്നെ സമീപിച്ചവരെ കണ്ടെത്തി ചോദ്യം ചെയ്താല്‍ അതിന് സാധിക്കുമെന്നും കലാഭവന്‍ സോബി പറയുന്നു.