Friday, May 17, 2024
keralaNews

അഞ്ചംഗ സംഘം യുവാവിനെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി.

അഞ്ചംഗ സംഘം യുവാവിനെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി. തടയാന്‍ ശ്രമിച്ച പിതാവിനും കുത്തേറ്റു. മുളന്തുരുത്തി പെരുമ്പിള്ളി ഈച്ചിരവേലില്‍ ജോജി മത്തായി (22) ആണു കുത്തേറ്റു മരിച്ചത്. പരുക്കേറ്റ പിതാവ് മത്തായിയെ (55) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ശസ്ത്രക്രിയ നടത്തി. തിങ്കളാഴ്ച വൈകിട്ട് നാലേമുക്കാലോടെയാണു സംഭവം.2 ബൈക്കുകളിലായി വീട്ടിലെത്തിയ സംഘം ജോജിയുമായി വാക്കേറ്റത്തിലേര്‍പ്പെടുകയും മുറ്റത്തുവച്ച് ആക്രമിക്കുകയുമായിരുന്നു. ജോജിയുടെ നെഞ്ചിലും കഴുത്തിലും കുത്തേറ്റു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണു മത്തായിക്കു തുടയില്‍ കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും മുളന്തുരുത്തി പൊലീസെത്തി ഉടന്‍ കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജോജിയെ രക്ഷിക്കാനായില്ല. സംഭവശേഷം ഒരു ബൈക്കും കത്തിയും ഉപേക്ഷിച്ചാണ് അക്രമികള്‍ രക്ഷപ്പെട്ടത്.ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ശ്രമവും കഞ്ചാവു വില്‍പനയും അടക്കമുള്ള കേസുകളിലെ പ്രതിയാണു ജോജി. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണു പൊലീസ് നിഗമനം. അക്രമികളുടെ പേരുകള്‍ ജോജി പൊലീസിനോടു പറഞ്ഞിട്ടുണ്ട്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ബിന്ദുവാണു ജോജിയുടെ മാതാവ്. സഹോദരന്‍: മര്‍ക്കോസ്