Monday, May 13, 2024
indiaNewspoliticsworld

ഇന്ത്യ-റഷ്യ വാണിജ്യ പങ്കാളിത്തത്തില്‍ നിന്നും പിന്മാറില്ല: വിദേശകാര്യമന്ത്രി

ദില്ലി : റഷ്യയുമായുള്ള വാണിജ്യ പങ്കാളിത്തത്തില്‍ നിന്നും പിന്മാറില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. യുദ്ധകാലം കഴിഞ്ഞുവെന്നും ഇന്ത്യ സമാധാനത്തിനൊപ്പമാണ് നിലകൊള്ളുന്നതെന്നും ജയ്ശങ്കര്‍ വ്യക്തമാക്കി. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെ ലവ്‌റോയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ റഷ്യയിലെത്തിയത്. റഷ്യ- യുക്രൈന്‍ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി റഷ്യ സന്ദര്‍ശിക്കുന്നത്. റഷ്യ യുക്രൈന്‍ സംഘര്‍ഷത്തില്‍ നിലപാട് ആവര്‍ത്തിച്ച മന്ത്രി സമാധാനത്തിന് വേണ്ടിയുള്ള ഏത് ശ്രമത്തിനും ഇന്ത്യ, റഷ്യയ്ക്ക് ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി. യുക്രൈന്‍ യുദ്ധത്തിന്റെ അനന്തര ഫലം ഇപ്പോഴും ദൃശ്യമാണ്.     സമാധാനം പുനസ്ഥാപിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും വിദേശകാര്യമന്ത്രി വിശദീകരിച്ചു. ഇന്ത്യയ്ക്ക് റഷ്യയുമായുള്ളത് ദീര്‍ഘകാലത്തെ ബന്ധമാണെന്നും ഇത് വിപൂലീകരിക്കാനുള്ള ശ്രമം തുടരുകയാണെന്നും എസ് ജയ്ശങ്കര്‍ വ്യക്തമാക്കി. ഇന്ധന വാതക ഉപഭോഗത്തില്‍ മൂന്നാമതാണ് ഇന്ത്യ. ഏറ്റവും കുറഞ്ഞ വിലയില്‍ ഇന്ധന സ്രോതസ്സുകള്‍ കണ്ടത്തേണ്ടത് രാജ്യത്തിന് പ്രധാനമാണ്. അതിന് സഹായിക്കുന്ന റഷ്യയുമായുള്ള പങ്കാളിത്തം ഇന്ത്യ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും ജയശങ്കര്‍ പറഞ്ഞു. അന്താരാഷ്ട്ര വിപണിയെ പിടിച്ചു നിര്‍ത്തുന്നതില്‍ ഇരു രാജ്യങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ഥിതി അന്താരാഷ്ട്ര സമൂഹം അവഗണിക്കരുതെന്നും ജയശങ്കര്‍ ഓര്‍മ്മിപ്പിച്ചു. അഫ്ഗാനിസ്ഥാന്‍ നേരിടുന്ന ഭീകരാവസ്ഥയ്‌ക്കെതിരെ അയല്‍ രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നും എസ്.ജയ്ശങ്കര്‍ സന്ദര്‍ശനത്തില്‍ ആവശ്യപ്പെട്ടു.