Saturday, April 27, 2024
indiaNews

ധീര സൈനികരുടെ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും ദിനം

ബംഗളൂരു: രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീര സൈനികര്‍ക്ക് ആദരം അര്‍പ്പിക്കുന്ന ദിനമാണ് കരസേന ദിനമായി ആചരിക്കുകയാണ്. സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓര്‍മ്മപ്പെടുത്തുന്ന ദിനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ.എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓര്‍മ്മയ്ക്കായാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്. കരസേനാ ദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ മനേക് ഷാ പരേഡ് ഗ്രൗണ്ടിലാണ് ഇത്തവണ സൈനിക പരേഡ് നടക്കുന്നത്. 1949 മുതല്‍ ആഘോഷങ്ങള്‍ ആരംഭിച്ചതിന് ശേഷം ഡല്‍ഹിക്ക് പുറത്ത് ആദ്യമായാണ് പരേഡ് നടക്കുന്നത്.ഇന്ത്യയുടെ അവസാന ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫില്‍ നിന്നാണ് കരിയപ്പ സൈനിക തലവനായി സ്ഥാനം ഏറ്റെടുത്തത്. 1949 ജനുവരി 15-നാണ് കരിയപ്പ സൈനിക തലവനായി ചുമതലയേറ്റത്. അന്നു മുതല്‍ രാജ്യം ജനുവരി 15-ന് കരസേനാ ദിനമായി ആചരിക്കുന്നു. ഫീല്‍ഡ് മാര്‍ഷല്‍ ഓഫ് ഇന്ത്യ എന്ന പദവി ലഭിച്ച രണ്ട് പേരില്‍ ഒരാളാണ് ജനറല്‍ കരിയപ്പ. 1947 ലെ ഇന്ത്യാ-പാകിസ്താന്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിനായി പ്രധാന പങ്ക് വഹിച്ചു ജനറല്‍ കരിയപ്പ. കര്‍ണാടക സ്വദേശിയായ ജനറല്‍ കരിയപ്പയുടെ സൈനിക ജീവിതം മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ കരസേനയാണ് ഇന്ത്യന്‍ കരസേന. അതിര്‍ത്തി കാത്തു രക്ഷിക്കുകയും രാജ്യത്തെ സമാധാന പരിപാലനത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയും അത്യാവശ്യഘട്ടങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുമാണ് കരസേനയുടെ പ്രധാന ധര്‍മ്മങ്ങള്‍. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര സൈനികര്‍ക്ക് കരസേനാ ദിനത്തില്‍ ആദരം അര്‍പ്പിക്കുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രതികൂല സാഹചര്യങ്ങള്‍ അവഗണിച്ച് രാജ്യത്തിനായി പോരാടുന്നവരാണ് സൈനികര്‍. സ്വന്തം കുടുംബവും ജീവനും മറന്നാണ് രാഷ്ട്രത്തിനായി അവര്‍ സേവനമര്‍പ്പിക്കുന്നത്. നാം ഉറങ്ങുമ്പോഴും രാജ്യത്തിനായി ഉറങ്ങാതെ കാവല്‍ നില്‍ക്കുന്ന ഓരോ സൈനികര്‍ക്കുമുള്ള ആദരവുകൂടിയാണ് കരസേനാ ദിനം.