Friday, May 17, 2024
indiaNews

ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ശക്തമായ മഴ കനത്ത നാശം വിതയ്ക്കുന്നു.

ശക്തമായ മഴ കനത്ത നാശം വിതയ്ക്കുകയാണ് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും.മഴക്കെടുതിയെ തുടര്‍ന്ന് ഹൈദരാബാദില്‍ 15 പേരും ആന്ധ്രപ്രദേശില്‍ 10 പേരും മരിച്ചു. തെലങ്കാനയിലും ആന്ധ്രയിലും റെക്കോഡ് മഴയാണ് പെയ്തത്. ഷംഷാബാദില്‍ ചുറ്റുമതില്‍ തകര്‍ന്ന് വീടുകളുടെ മുകളിലേക്ക് വീണ് രണ്ട് മാസം പ്രായമുളള കുഞ്ഞടക്കം ഒന്‍പത് പേരാണ് മരിച്ചത്.ഹൈദരാബാദിന്റെ താഴ്ന്ന പ്രദേശങ്ങളിലാകെ വെളളം കയറുകയും ഒപ്പം നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ ഒലിച്ചു പോകുകയും ചെയ്തു. ദേശീയ ദുരന്തനിവാരണ സേനയുടെ നാല് സംഘത്തെ ഹൈദരാബാദില്‍ വിന്യസിച്ചിട്ടുണ്ട്. 74 പേരെയാണ് ഇതിനോടകം രക്ഷപ്പെടുത്തിയത്.ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്റെ പരിധിയിലുള്ള ഹയാത്നഗറില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചുവരെയുള്ള 24 മണിക്കൂറിനിടെ 29.8 സെന്റിമീറ്റര്‍ മഴയാണു ലഭിച്ചത്. ഇതു റെക്കോഡാണ്. 2000 ഓഗസ്റ്റില്‍ ബീഗംപേട്ടില്‍ ലഭിച്ച 24 സെന്റിമീറ്റര്‍ മഴയാണ് നഗരപരിധിയില്‍ ഇതിനു മുമ്പുള്ള ഏറ്റവും ശക്തമായ മഴ. ഹൈദരാബാദില്‍ പലയിടങ്ങളിലും കെട്ടിട ഭാഗങ്ങളും മതിലുകളും തകര്‍ന്നുവീണു. മിക്കഭാഗങ്ങളിലും വെള്ളം കയറി വാഹനഗതാഗതം തടസപ്പെട്ടു.മുസി നദി കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഗഗന്‍പഹദ് മേഖലയില്‍ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു മൂന്നുപേര്‍ മരിച്ചു. പത്തുവീടുകള്‍ക്കു മുകളിലേക്കു ചുറ്റുമതില്‍ വീണു പിഞ്ചുകുഞ്ഞടക്കം ഒമ്പതുപേര്‍ മരിച്ചു. തെലങ്കാനയില്‍ 14 ജില്ലകള്‍ പ്രളയബാധിതമാണ്. മഴയ്ക്കു കാരണമായ ന്യൂനമര്‍ദം മഹാരാഷ്ട്രയിലേക്കു നീങ്ങുകയാണെന്നു കാലാവസ്ഥാ വകുപ്പ് അധികൃതര്‍ അറിയിച്ചു.