Tuesday, April 30, 2024
keralaNewsUncategorized

ഹണിട്രാപ്പ് തട്ടിപ്പ് കേസുകളിലൂടെ പൊലീസിനെ വട്ടംകറക്കി

തിരുവനന്തപുരം: ഹണിട്രാപ്പ് തട്ടിപ്പു കേസുകളിലെ പ്രതിയും പൊലീസിനെ വട്ടംകറക്കിയ ഹണിട്രാപ്പ് തട്ടിപ്പുകാരി ഒടുവില്‍ വിവാഹത്തട്ടിപ്പ് കേസില്‍ കുടുങ്ങി. കൊല്ലം അഞ്ചല്‍ സ്വദേശി അശ്വതി അച്ചു (32) അറസ്റ്റിലായത്. തിരുവനന്തപുരം പൂവാറില്‍ 68 വയസ്സുകാരന് വിവാഹ വാഗ്ദാനം നല്‍കി 40,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പൂവാര്‍ പൊലീസാണ് അഞ്ചലിലെ വീട്ടില്‍നിന്ന് അശ്വതി അച്ചുവിനെ അറസ്റ്റ് ചെയ്തത്. ഹണിട്രാപ്പ് തട്ടിപ്പ് കേസുകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ് പൊലീസിനെ വട്ടംകറക്കി കേരള പൊലീസിനെ ഒന്നടങ്കം നാണക്കേടില്‍ കുടുക്കിയാണ് ഫെയ്‌സ്ബുക്കില്‍ അശ്വതി അച്ചു എന്നറിയപ്പെടുന്ന കൊല്ലം അഞ്ചല്‍ സ്വദേശിനി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഒട്ടേറെ പൊലീസുകാരും രാഷ്ട്രീയക്കാരുമാണ് അശ്വതി അച്ചുവിന്റെ ഹണിട്രാപ്പില്‍ കുരുങ്ങിയത്. രണ്ടര വര്‍ഷത്തോളം പൊലീസിനെ വട്ടംകറക്കിയ ശേഷമാണ് അശ്വതി പൊലീസിന്റെ പിടിയിലാകുന്നത്. ഇത്തവണ ഹണിട്രാപ്പിന് പകരം വിവാഹവാഗ്ദാനം നല്‍കിയുള്ള തട്ടിപ്പാണ്. സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന മറ്റു പെണ്‍കുട്ടികളുടെ ഫോട്ടോ തട്ടിപ്പിനായി ഇവര്‍ ഉപയോഗിക്കുന്നതായി മുന്‍പും പരാതി ഉയര്‍ന്നിരുന്നു.
പൊലീസുകാരെ ഉള്‍പ്പെടെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന ഇവരെ പൂവാര്‍ പാമ്പുകാല സ്വദേശിയായ മധ്യവയസ്‌കനെ വിവാഹവാഗ്ദാനം നല്‍കി 40,000 രൂപ തട്ടിയെടുത്ത കേസില്‍ ആണ് പൊലീസ് പിടികൂടിയത്. കൂട്ടുപ്രതി ഇരുവൈക്കോണം സ്വദേശി മോഹനന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.മുന്‍പ് കൊല്ലം സ്വദേശിനിയുടെ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയപ്പോള്‍ ആ പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് ഇവര്‍ ആദ്യം കുടുങ്ങുന്നത്. പിന്നാലെ പൊലീസുകാരെ ഉള്‍പ്പെടെ തട്ടിച്ച വാര്‍ത്തകളും പുറത്തു വന്നു. തലസ്ഥാനത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവുമായെന്ന് ആരോപിക്കപ്പെട്ട സംഭാഷണവും പുറത്തു വന്നിരുന്നു. ഇതിനിടെയാണ് വിവാഹവാഗ്ദാനം നല്‍കി മധ്യവയസ്‌കനായ വ്യക്തിയെ കബളിപ്പിച്ചെന്ന് പരാതി ലഭിച്ചത്. ഭാര്യ മരിച്ച വ്യക്തിയാണ് തട്ടിപ്പിനിരയായത്. ഭിന്നശേഷിക്കാരിയായ മകളെ സംരക്ഷിക്കാമെന്ന് വാഗ്ദാനം നല്‍കിയതായി പരാതിയില്‍ പറയുന്നു. 40,000 രൂപയുടെ ബാധ്യത തീര്‍ത്താലേ വിവാഹം കഴിക്കാന്‍ സാധിക്കൂ എന്ന് ഇവര്‍ പറഞ്ഞതിനെ തുടര്‍ന്ന് പരാതിക്കാരന്‍ പണം നല്‍കി. തൊട്ടടുത്ത ദിവസം വിവാഹം കഴിക്കാം എന്നു വിശ്വസിപ്പിച്ച ശേഷം കടന്നു കളയുകയായിരുന്നു.പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വദേശമായ അഞ്ചലില്‍ ആണെന്നു പറഞ്ഞു. പൊലീസിനെ വട്ടം ചുറ്റിക്കാന്‍ ശ്രമിച്ചെങ്കിലും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതി വാടകയ്ക്ക് താമസിക്കുന്ന മുട്ടടയിലെ ഫ്ലാറ്റ് കണ്ടെത്തി അവിടെ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. അശ്വതിയുടെ പേരില്‍ ഒട്ടേറെ കേസുകള്‍ ഉള്ളതായി പൊലീസ് അറിയിച്ചു.പൂവാര്‍ സിഐ: എസ്.ബി.പ്രവീണിന്റെ നേതൃത്വത്തില്‍ എസ്ഐ: തിങ്കള്‍ ഗോപകുമാര്‍, പൊലീസുകാരായ വിഷ്ണു, അരുണ്‍, ഷാജു തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.