Friday, May 17, 2024
keralaNews

അഴിമതിക്കാരായ പൊലീസുകാരുടെ വിവരങ്ങള്‍ പുറത്തുവരുന്നതില്‍ എന്താണ് തെറ്റ്; ഹൈക്കോടതി

അഴിമതിക്കാരായ പൊലീസുകാരുടെ വിവരങ്ങള്‍ പുറത്തുവരുന്നതില്‍ എന്താണ് തെറ്റെന്ന് ഹൈക്കോടതി. വിവരാവകാശ നിയമം നടപ്പാക്കുന്നതിലെ അലംഭാവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്. അഴിമതിക്കാരായ പൊലീസുകാരുടെ വിവരം ലഭിക്കാന്‍ പൗരനുള്ള അവകാശം മാനിക്കണമെന്നും പൊലീസിന് കോടതി നിര്‍ദേശം നല്‍കി.

അഴിമതിക്കാരും സ്ത്രീപീഡകരുമായ പൊലീസുകാരുടെ വിവരം പരാതിക്കാരന് നല്‍കണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരെ പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിമര്‍ശനം. വിവരാവകാശ നിയമം നടപ്പാക്കുന്നതില്‍ അലംഭാവം പാടില്ല. വിവരം ലഭിക്കാന്‍ പൗരനുള്ള അവകാശം മാനിക്കണമെന്നും കോടതി വ്യക്തമാക്കി. അഴിമതിക്കാരായ പൊലീസുകാരുടെ വിവരങ്ങള്‍ പുറത്തുവരുന്നതില്‍ എന്താണ് തെറ്റ്. ഇവയെല്ലാം ജനമറിയേണ്ടതാണ്. അറസ്റ്റ് ചെയ്യുന്നവരുടെ വിവരങ്ങള്‍ പൊലീസ് മാധ്യമങ്ങളിലൂടെ വിളിച്ചു പറയാറുണ്ട്. ഇതേ കാര്യം പൊലീസിനും ബാധകമല്ലേയെന്ന് കോടതി ആരാഞ്ഞു.

ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയത് എന്തിനാണ്. മനുഷ്യാവകാശ ധ്വംസനവും അഴിമതിയും മറച്ചു വയ്ക്കാന്‍ വിവരാവകാശ നിയമത്തെ മറയാക്കരുതെന്നും കോടതി പറഞ്ഞു.