Friday, May 3, 2024
keralaNews

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാള്‍ തീവ്രത കുറയുമെങ്കിലും സംസ്ഥാനത്തുടനീളം മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും അതിശക്തമായ മഴ ലഭിക്കും. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയുണ്ടാകും.സെപ്റ്റംബര്‍ 25 വരെ കേരളത്തിന്റെ പലഭാഗങ്ങളിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത രണ്ട് ദിവസവും സെപ്റ്റംബര്‍ 25നും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 23,24 തിയതികളില്‍ മഴ മുന്നറിയിപ്പൊന്നുമില്ല. എന്നാല്‍ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ട്.
ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ കൊണ്ടുകൊണ്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്.ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.