Wednesday, May 1, 2024
keralaNewsUncategorized

ഹലാല്‍ ആട് തട്ടിപ്പ് കേസ് പത്ത് കോടിയുടെ തട്ടിപ്പ് നടത്തി

മലപ്പുറം: ഹലാല്‍ ആട് തട്ടിപ്പ് കേസില്‍ ആളുകളെ കബളിപ്പിച്ച് പത്ത് കോടിയുടെ തട്ടിപ്പ് നടത്തി. അരീക്കോട് ഹലാല്‍ ഗോട്ട് ഫാം എന്ന പേരില്‍ സംരംഭം ആരംഭിച്ച മൂന്ന് പ്രതികളുടെ അക്കൗണ്ടിലൂടെ ഈ വര്‍ഷം നാല് കോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നുവെന്നാണ് കണ്ടെത്തല്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന ഹലാല്‍ ആടുകളെ ഫാമുകളിലേക്ക് എത്തിക്കുന്ന ഡീലര്‍മാര്‍ എന്ന് സ്വയം വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഈ കച്ചവടത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചാണ് ആളുകളെ ആകര്‍ഷിച്ചത്. നിക്ഷേപകര്‍ക്ക് ആദ്യമാസം ലാഭവിഹിതം നല്‍കിയിരുന്നു. ഇതോടെ കൂടുതല്‍ ആളുകള്‍ ഷെയര്‍ വാങ്ങി. എന്നാല്‍ പിന്നീട് കിട്ടിയ പണവുമായി പ്രതികള്‍ മുങ്ങുകയായിരുന്നു. സംഭവത്തില്‍ എടവണ്ണ റിഷാദ് മോന്‍, തിരൂരങ്ങാടി സ്വദേശി കെവി സെലിക്, റിയാസ് ബാബു എന്നിവര്‍ക്കെതിരേയാണ്  അരീക്കോട് പോലീസ് കേസെടുത്തത്. റിഷാദ് മോന്‍ ഇന്നലെ പിടിയിലായി. മറ്റ് രണ്ടു പേരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ ലുക്ക് ഔട്ട് നോട്ടീസ് അടുത്ത ദിവസം പുറത്തിറക്കുമെന്നും പോലീസ് വ്യക്തമാക്കി.കേസുമായി ബന്ധപ്പെട്ട് ആളുകളില്‍ നിന്ന് 10 കോടിയോളം രൂപ പ്രതികള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതി. ഈ വര്‍ഷം മാത്രം നാല് കോടിയോളം തട്ടിയിട്ടുണ്ടെന്നും കണ്ടെത്തി. ഇവരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.