Monday, April 29, 2024
EntertainmentkeralaNews

ഗൂഗിള്‍ മാപ്പ് ചതിച്ചു……തേക്കടിക്ക് പോയ യുവാക്കള്‍ ശബരിമലയില്‍…

ഗൂഗിള്‍ മാപ്പ് നോക്കി ബൈക്കില്‍ തേക്കടിക്ക് പോയ യുവാക്കള്‍ എത്തിയത് ശബരിമലയില്‍. നിയന്ത്രണങ്ങള്‍ മറികടന്ന് അതിസുരക്ഷ മേഖലയായ സന്നിധാനത്ത് എത്തിയ ഇവര്‍ക്കെതിരെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടു. ചിറ്റാര്‍ ശ്രീകൃഷ്ണവിലാസം ശ്രീജിത് (27), നിരവേല്‍ വീട്ടില്‍ വിപിന്‍ വര്‍ഗീസ് (23) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞദിവസം വൈകീട്ട് ഏഴിനാണ് സംഭവം. ചിറ്റാറില്‍നിന്ന് തേക്കടിക്ക് പോകാന്‍ എളുപ്പവഴി തേടിയയാണ് ഇവര്‍ ബൈക്കില്‍ സെറ്റ് ചെയ്ത ഫോണില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്തത്. ചിറ്റാറില്‍നിന്ന് പ്ലാച്ചേരിവഴി പമ്പയില്‍ എത്തി. ഗണപതികോവില്‍ കടന്ന് മുന്നോട്ട് ചെന്നപ്പോള്‍ സന്നിധാനത്തേക്ക് പോകുന്ന വഴിയിലെ ഗേറ്റ് തുറന്നിട്ടിരിക്കുകയായിരുന്നു. ഇവിടെ പൊലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും ശ്രദ്ധയില്‍പെട്ടില്ല. യുവാക്കള്‍ കടന്നുപോയ ശേഷമാണ് വനപാലകരുടെയും പൊലീസിന്റെയും ശ്രദ്ധയില്‍പെട്ടത്.

ഉടന്‍ വിവരം ഇവര്‍ സന്നിധാനത്തുള്ള വനപാലകര്‍ക്കും പൊലീസിനും കൈമാറി. കോണ്‍ക്രീറ്റ് ചെയ്ത സ്വാമി അയ്യപ്പന്‍ റോഡിലൂടെ ചീറിപ്പാഞ്ഞു മരക്കൂട്ടത്ത് എത്തിയ യുവാക്കളെ കാത്ത് വനപാലകര്‍ ട്രാക്ടറില്‍ നില്‍പുണ്ടായിരുന്നു. ഇവിടെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഗൂഗിള്‍ മാപ്പ് പണിപറ്റിച്ചതാണെന്ന് മനസ്സിലായത്.വനമേഖലയിലൂടെ ട്രക്കിങ് പാത തേക്കടിയിലേക്കുണ്ട്. വഴി തേടിയ യുവാക്കള്‍ക്ക് ഗൂഗിള്‍ മാപ്പ് കാണിച്ചത് അതായിരുന്നു. യുവാക്കള്‍ക്കെതിരെ വനത്തില്‍ അതിക്രമിച്ചുകടന്നതിന് കേസ് എടുത്തു. ശബരിമല പാതയില്‍ പ്ലാന്തോട് ഭാഗത്ത് റോഡ് ഇടിഞ്ഞതിനാല്‍ അട്ടത്തോടുവരെ മാത്രമേ ഗതാഗതം അനുവദിച്ചിട്ടുള്ളൂ. അത് ലംഘിച്ചാണ് ഇവര്‍ ഇരുചക്രവാഹനത്തില്‍ പമ്പയില്‍ എത്തിയത്. രാത്രി 7.30ന് വനപാലകരും പൊലീസും ചേര്‍ന്ന് ഇവരെ പമ്പയില്‍ തിരികെ എത്തിച്ചു.