Friday, May 10, 2024
NewsSportsworld

ഫിഫ ലോകകപ്പ് : നെതര്‍ലന്‍ഡ്‌സ് – ഇക്വഡോര്‍ സമനിലയില്‍

ദോഹ: ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ നെതര്‍ലന്‍ഡ്‌സ് – ഇക്വഡോര്‍ പോരാട്ടം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. കോടി ഗ്യാപ്‌കോയുടെ ഗോളിന് നായകന്‍ എന്നര്‍ വലന്‍സിയയിലൂടെയാണ് ഇക്വഡോര്‍ മറുപടി നല്‍കിയത്. ഈ മത്സരം സമനിലയിലായതോടെ ആതിഥേയരായ ഖത്തര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഇരു ടീമുകളുടെയും ആക്രമങ്ങള്‍ കൊണ്ട് സജീവമായിരുന്നു ആദ്യ പകുതി. കിക്കോഫായി ആറാം മിനുറ്റില്‍ തന്നെ കോടി ഗ്യാപ്‌കോ ഗംഭീര ഫിനിഷിലൂടെ ഡച്ച് പടയെ മുന്നിലെത്തിച്ചു. ഡാവി ക്ലാസന്റെ വകയായിരുന്നു അസിസ്റ്റ്. പിന്നാലെ തുടരെ ആക്രമണങ്ങളുമായി ഇക്വഡോര്‍ കളംനിറഞ്ഞെങ്കിലും ഗോളിന് അര്‍ഹരായില്ല. ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ ഇക്വഡോര്‍ വല ചലിപ്പിച്ചെങ്കിലും പൊരോസേയ്‌ക്കെതിരെ ഫ്‌ലാഗ് ഉയര്‍ന്നതോടെ ഗോള്‍ നിഷേധിക്കപ്പെട്ടു. ഇതോടെ ഓഞ്ച് പടയുടെ 1-0 മുന്‍തൂക്കത്തോടെ മത്സരം ഇടവേളയ്ക്ക് പിരിഞ്ഞു.രണ്ടാംപകുതി തുടങ്ങിയത് നെതര്‍ലന്‍ഡ്‌സ് മുന്നേറ്റത്തോടെയാണ്. എന്നാല്‍ 49-ാം മിനുറ്റില്‍ റീബൌണ്ടില്‍ നിന്ന് നായകന്‍ എന്നര്‍ വലന്‍സിയ ഇക്വഡോറിയ ഒപ്പമെത്തിച്ചു. ഈ ലോകകപ്പില്‍ വലന്‍സിയയുടെ മൂന്നാം ഗോളാണിത്. ഇതിന് പിന്നാലെ ഇക്വഡോര്‍ ആക്രമണം കടുപ്പിച്ചപ്പോള്‍ മാറ്റങ്ങളുമായി ഡച്ച് ടീമും മൈതാനത്തെ ചൂടുപിടിപ്പിച്ചു. 90 മിനുറ്റും ആറ് മിനുറ്റ് അധികസമയത്തും ഇരു ടീമിനും വിജയഗോള്‍ പക്ഷേ കണ്ടെത്താനായില്ല.