Friday, May 17, 2024
keralaNews

കൃഷിയിടത്തില്‍ എഫ്.എം റേഡിയോ സ്ഥാപിച്ചുകൊണ്ട് വന്യജീവിപ്രശ്‌നത്തെ പരിഹരിച്ചു.

വീടിന് അകലെയുള്ള കൃഷിയിടത്തില്‍ കാട്ട് പന്നികളും,മുള്ളന്‍ പന്നികളും ഉള്‍പ്പെടെ വന്യജീവികള്‍ കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് പതിവായപ്പോള്‍ അവയെ പ്രതിരോധിക്കാന്‍ കൃഷിയിടത്തില്‍ കര്‍ഷകന്‍ സ്ഥാപിച്ച ശബ്ദ ചികില്‍സ ഫലം കണ്ടു. അടക്കാത്തോടിന് സമീപം കരിയം കാപ്പിലെ ചിറക്കുഴിയില്‍ ബാബുവെന്ന കര്‍ഷകനാണ് കൃഷിയിടത്തില്‍ എഫ്.എം റേഡിയോ സ്ഥാപിച്ചുകൊണ്ട് ദീര്‍ഘ നാളത്തെ വന്യജീവിപ്രശ്‌നത്തെ പാട്ടുംപാടി പരിഹരിച്ചത്. തന്റെ കണ്ടുപിടിത്തം ഫലപ്രദമാണെന്ന് അനുഭവത്തിലൂടെ തെളിയിച്ചിരിക്കുകയാണിദ്ദേഹം.രണ്ട് വര്‍ഷം മുമ്പ് കാട്ടു പന്നികളുടെ വിള നാശം തുടര്‍ന്നപ്പോള്‍ കൃഷിയിടത്തിലെ ചേമ്പും, ചേനയും, മരച്ചീനിയും, വാഴ കൃഷിയും സംരക്ഷിക്കാന്‍ ബാബു തന്റെ കൃഷിയിടത്തില്‍ രാത്രികാല ഉപയോഗത്തിന് വേണ്ടി എഫ്.എം റേഡിയോ സ്ഥാപിക്കുകയായിരുന്നു.സൂര്യന്‍ അസ്തമിക്കുമ്പോള്‍ പ്രവര്‍ത്തനം തുടങ്ങി സൂര്യന്‍ ഉദിക്കുമ്പോള്‍ പ്രവര്‍ത്തനം നിലക്കും വിധമാണ് സ്ഥാപിച്ചത്.

എഫ്.എം.റേഡിയോ, റീചാര്‍ജബിള്‍ ബാറ്ററി, ബാറ്ററി ചാര്‍ജാവാനായി സോളാര്‍ പാനല്‍ എന്നിവയാണ് വേണ്ടത്.ഇതിനായി 3000 രൂപയോളം ചിലവായി.പ്രത്യേകം സംവിധാനിച്ച റിലെ വഴി ഇത് പ്രവത്തിക്കുകയും, ഓഫാകുകയും ചെയ്യും.

ഈ ശബ്ദ ചികില്‍സ സ്ഥാപിച്ച ശേഷം വന്യജീവികള്‍ എത്തിയിട്ടേയില്ലന്ന് ബാബുവിന്റെ കൃഷിയിടം സാക്ഷ്യപ്പെടുത്തുന്നു. ഇതിന്റെ ശബ്ദമെത്താത്ത സമീപ കൃഷിയിടങ്ങളെല്ലാം കാട്ടുപന്നികളുടെ വിഹാരകേന്ദ്രമാണിപ്പോഴും. അടക്കാത്തോട് ടൗണിലെ എം.എല്‍. ഇലക്ട്രോണിക്‌സ് ഉടമ കൂടിയായ ഇദ്ദേഹം മുമ്പും നിരവധി നൂതന ആശയങ്ങള്‍ ഫലപ്രദമായി നടപ്പാക്കി വിജയിച്ചിട്ടുണ്ട്. ചെറു ജലവൈദ്യുത പദ്ധതി സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപിച്ചതിന്റെ അനുഭവത്തിന് പുറമെ വാട്ടര്‍ ടാങ്കില്‍ വെള്ളത്തിന്റെ അളവ് അറിയാന്‍ മെക്കാനിക്കല്‍ സംവിധാനവും ഇദ്ദേഹം സഥാപിച്ചിരുന്നു.