Friday, May 17, 2024
keralaLocal NewsNews

ശബരിമല തീര്‍ത്ഥാടനം എരുമേലിയില്‍ ആന്റിജന്‍ ടെസ്റ്റിന് അയ്യപ്പഭക്തര്‍ ഫീസ് നല്‍കണം .

 

  • പരിശോധനയ്ക്ക് സ്വകാര്യ ലാബ്.
  • സര്‍ക്കാരിന് സംവിധാനം ഇല്ലെന്ന് ആരോഗ്യവകുപ്പ്.

ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി എരുമേലിയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിന് ആരോഗ്യ വകുപ്പ് സ്വകാര്യ ലാബിനെ ഏല്‍പ്പിച്ചു.എരുമേലി താല്‍ക്കാലിക താവളം ആശുപത്രിക്ക് സമീപം ക്രമീകരിച്ചിട്ടുള്ള സ്വകാര്യ ലാബില്‍ തീര്‍ത്ഥാടകര്‍ക്ക് ടെസ്റ്റ് നടത്തണമെങ്കില്‍ ഒരാള്‍ക്ക് 625 രൂപയാണ് ഫീസായി നല്‍കേണ്ടത്.തീര്‍ത്ഥാടന വേളയില്‍ എരുമേലിയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് സൗജന്യമായി ആന്റിജന്‍ ട്രസ്റ്റ് നടത്തുമെന്ന് അവലോകന യോഗങ്ങളില്‍ ആരോഗ്യവകുപ്പ്
പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ഇതിന് കടകവിരുദ്ധമായാണ് എരുമേലിയില്‍ ആന്റിജന്‍ ടെസ്റ്റ് സ്വകാര്യ ലാബിനെ ഏല്‍പ്പിച്ച് അയ്യപ്പഭക്തര്‍ നിന്നും ടെസ്റ്റിനായി പണം ഈടാക്കുന്നത് .

എരുമേലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആശുപത്രിയില്‍ 24 മണിക്കൂറും ആന്റിജന്‍ ടെസ്റ്റ് നടത്താനുള്ള സൗകര്യം ഇല്ലാത്തതാണ് സ്വകാര്യ ലാബിനെ ഏല്‍പ്പിക്കാന്‍ കാരണമെന്നും ആരോഗ്യവകുപ്പ് എരുമേലി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് പറഞ്ഞു.ആരോഗ്യ വകുപ്പിന്റെ ഉത്തരവിനെ അടിസ്ഥാനത്തില്‍
നിരവധി സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ടെസ്റ്റിന് സ്വകാര്യ ലാബുകളെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .ശബരിമല തീര്‍ത്ഥാടകര്‍ വരുമ്പോള്‍ തന്നെ അതാത് സ്ഥലങ്ങളില്‍ നിന്നും ആന്റിജന്‍ ടെസ്റ്റ് നടത്തി അതിന്റെ റിപ്പോര്‍ട്ടുമായാണ് എരുമേലിയിലെത്തുന്നത്.

കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കടുത്ത നിയന്ത്രണമാണ് ശബരിമല തീര്‍ഥാടകര്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.ഇതോടെ തീര്‍ത്ഥാടകരുടെ എണ്ണം കുറയുകയും ചെയ്തിരുന്നു.എന്നാല്‍ നിയന്ത്രണത്തില്‍ അയവ് വരുത്തി കൂടുതല്‍ തീര്‍ത്ഥാടകരെ ദര്‍ശനത്തിന് അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് തീര്‍ത്ഥാടകര്‍ തന്നെ ഫീസ് നല്‍കിയുള്ള കോവിഡ് ടെസ്റ്റ് സ്വകാര്യ ലാബിനെ അധികൃതര്‍ ഏല്‍പ്പിച്ചത് . എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശാനുസരണമാണ് കോവിഡ് ടെസ്റ്റിന് സ്വകാര്യ ലാബുകളെ ഏല്‍പ്പിച്ചതെന്നും സി എച്ച് സി എരുമേലി കോവിഡ് കോഡിനേറ്റര്‍ ഡോ.വെങ്കിടേഷ് പറഞ്ഞു.

എരുമേലി ആശുപത്രിയിലും ടെസ്റ്റ് നടത്തുന്നുണ്ട്.എന്നാല്‍ ഇത് പരിമിതമാണെന്നും അദ്ദേഹം പറഞ്ഞു.അയ്യപ്പഭക്തരില്‍ നിന്നും ഫീസ് വാങ്ങി കോവിഡ് ടെസ്റ്റ് നടത്താന്‍ സ്വകാര്യ ലാബുകളെ ഏല്‍പ്പിച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് പറഞ്ഞു.അടിയന്തരമായി ഫീസ് വാങ്ങിയുള്ള ടെസ്റ്റ് നിര്‍ത്തണമെന്നും തീര്‍ത്ഥാടകര്‍ക്ക് സൗജന്യമായി ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ ആരോഗ്യവകുപ്പ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.