Saturday, April 27, 2024
Local NewsNews

എരുമേലി പോലീസ് സ്റ്റേഷനിലെ മുഴുവൻ സിസിടിവി ക്യാമറകള്‍ നിശ്ചലമായി

എരുമേലി :  ശബരിമല തീർത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയിൽ   ഒന്നര കോടി ചിലവഴിച്ച്  നിർമ്മിച്ച എരുമേലി പോലീസ് സ്റ്റേഷനിലെ സിസിടിവി ക്യാമറകൾ നിശ്ചലമായി. പോലീസ് സ്റ്റേഷൻ ജംഗഷൻ മുതൽ കെഎസ്ആർടിസി ബസ്റ്റാൻഡ് – വാഴക്കാല വരെയുള്ള റോഡിലെ പ്രധാന കേബിൾ മുറിച്ചതാണ് സ്റ്റേഷനിലെ  മുഴുവൻ  സിസിടിവി ക്യാമറകളും കഴിഞ്ഞ അഞ്ച് ദിവസമായി നിശ്ചലമായിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പിന്റെ പോസ്റ്റിൽ   കെട്ടിയ കേബിളുകൾ കട്ട് ചെയ്തതാണ് പോലീസിന്റെ  സിസിടിവി ക്യാമറകൾ  പ്രവർത്തന രഹിതമാക്കാൻ കാരണമെന്നും പറയുന്നു. ഉപയോഗ രഹിതമായ കേബിളുകൾ നീക്കം ചെയ്യണമെന്നും ഉപയോഗിക്കുന്ന കേബിളുകൾക്ക് ടാഗ് നൽകണമെന്നും ബന്ധപ്പെട്ടവരോട്  പറഞ്ഞിരുന്നു. എന്നാൽ ടാഗ് ചെയ്യാത്ത കേബിളുകളാണ് കട്ട് ചെയ്തതെന്നും വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ പോലീസിന്റെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായത് പോലീസിനെയും വട്ടം കറക്കുകയാണ്.  എരുമേലിലെ പ്രധാനപ്പെട്ട മേഖലയിലെ സിസിടിവി ക്യാമറകളാണ് ഇത്തരത്തിൽ പ്രവർത്തനരഹിതമായിരിക്കുന്നത്.  വൈദ്യുതി പോസ്റ്റിലെ കേബിളുകൾ മൂലം നിരവധി അപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഉപയോഗ രഹിതമായ കേബിളുകൾ മുറിച്ചു മാറ്റുന്നതെന്നും അധികൃതർ  പറയുന്നു. വൈദ്യുതി പോസ്റ്റിൽ   കെട്ടുന്ന കേബിളുകൾക്ക് തിരിച്ചറിയുന്നതിനായി വിവിധ കളറും നൽകിയിരുന്നു. എന്നാൽ രണ്ടുവർഷം ആയിട്ടും ഉപയോഗ രഹിതമായ  കേബിളുകൾ മുറിച്ചു മാറ്റാത്തതിനെ തുടർന്നാണ് കർശന നടപടിയെന്നും അധികൃതർ പറഞ്ഞു . കഴിഞ്ഞ ദിവസം കെ എസ് ഇ ബി ക്ക് സമീപം വൈദ്യുതി പോസ്റ്റിൽ കയറിയ യുവാവ് താഴെ വീണിരുന്നു. എന്നാൽ കേബിളുകൾ മുറിച്ച് മാറ്റുന്നതിന് മുമ്പ് ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകണമെന്നും അത്തരത്തിൽ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും കേബിൾ ടിവി ഓപ്പറേറ്റേഴ്സും പറയുന്നു.വൈദ്യുതി വകുപ്പിന്റെ പോസ്റ്റ് ഉപയോഗിക്കുന്നവർ ഓരോ പോസ്റ്റിനും പ്രതിമാസ വാടക നൽകണമെന്നാണ് വ്യവസ്ഥ . ഏതായാലും പോലീസിന്റെ സിസി റ്റിവികൾ പ്രവർത്തന രഹിതമായത്  വലിയ  പ്രതിസന്ധിയാണ്    ഉണ്ടാക്കിയിരിക്കുന്നത്.