Friday, May 3, 2024
keralaLocal NewsNews

സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചതായി പരാതി.

എരുമേലി :സ്വന്തം ഫാമില്‍ പോയി തിരികെ വീട്ടിലേക്ക് വരുന്നതിനിടെ വാഹനത്തിന് നേരെ പടക്കം പൊട്ടിച്ചെറിഞ്ഞതിനെ ചോദ്യം ചെയ്ത സിപിഎം പ്രവര്‍ത്തകനെ കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചതായി പരാതി.
സി പി ഐ (എം) എഴുകുമണ്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും,പമ്പാവാലി ആറാട്ടുകയം സ്വദേശിയുമായ പുത്തന്‍വീട്ടില്‍ മാത്തുക്കുട്ടി പി വി(സജി) ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം.മൂലക്കയത്തുള്ള കോഴി ഫാം നടത്തുകയായിരുന്ന മാത്തുക്കുട്ടി രാത്രി വീട്ടിലേക്ക് വരുന്നതിനിടെ വീടിന് സമീപത്തു വച്ച് പുതുവത്സരം ആഘോഷിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസുകാര്‍ പടക്കം പൊട്ടിച്ച് കാറിന് നേരെ എറിയുകയായിരുന്നുവെന്നും മാത്തുക്കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു.ഇതിനെ ചോദ്യം ചെയ്യുന്നതിനിടെ കണ്ടാലറിയാവുന്ന ഒരുസംഘം ആളുകള്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും,കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. രാത്രി തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയും തേടിയിരുന്നു.പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം വോട്ടുകള്‍ നേടിയ വിജയിച്ച കോണ്‍ഗ്രസിന്റെ വാര്‍ഡ് മെമ്പര്‍ മറിയാമ്മ സണ്ണി നോക്കി നില്‍ക്കെയാണ് തന്നെ മര്‍ദ്ദിച്ചതെന്നും അദ്ദേഹം പറഞ്ഞു.ആഴ്ചകള്‍ക്ക് മുമ്പ് വാര്‍ഡില്‍ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നടത്തിയ ചില നടപടികളുടെ മുന്‍വൈരാഗ്യമാണ് തന്നെ മര്‍ദ്ദിച്ചതെന്നും മാത്തുക്കുട്ടി പറഞ്ഞു.

സമാധാനപരമായ ജീവിക്കുന്ന മലയോരമേഖലയില്‍ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കോണ്‍ഗ്രസിന് നടപടി അവസാനിപ്പിക്കണമെന്നും സിപിഎം
നേതാവിനെ മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടു.പത്രസമ്മേളനത്തില്‍ മര്‍ദ്ദനമേറ്റ മാത്തുക്കുട്ടി പിവി, മുക്കൂട്ടുതറ സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി ആര്‍ സാബു,സിഐടിയു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം വി ഗിരീഷ് കുമാര്‍,ബ്രാഞ്ച് കമ്മറ്റി അംഗം എം. കെ ഷാജി എന്നിവര്‍ പങ്കെടുത്തു.എന്നാൽ  മർദനമേറ്റതായുള്ള  ആരോപണം അടിസ്ഥാനരഹിതമാണെന്നും മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നുവെന്നും വാർഡ് മെമ്പർ മറിയാമ്മ സണ്ണി പറഞ്ഞു .