Sunday, May 12, 2024
keralaNewspolitics

എരുമേലിയില്‍ ഘടക കക്ഷിക്ക് സീറ്റ് നല്‍കി.കോണ്‍ഗ്രസ് നേതാവ് ഔദ്യോഗിക സ്ഥാനങ്ങളെല്ലാം രാജിവച്ചു.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എരുമേലി ഗ്രാമ പഞ്ചായത്തിലെ തുമരംപാറ വാര്‍ഡില്‍ ഒരു സ്വാധീനവുമില്ലാത്തതും -കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്ത ഒരു ഘടകക്ഷിക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനമാനങ്ങളും ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതായി തുമരംപാറ സ്വദേശിയും കോണ്‍ഗ്രസ് മുണ്ടക്കയം ബ്ലോക്ക് സെക്രട്ടറിയും – തുമരംപാറ വാര്‍ഡ് പ്രസിഡന്റും, പൂഞ്ഞാര്‍ നിയോജക മണ്ഡലം ഐ.ടി സെല്‍ ചെയര്‍മാനുമായ ബിനോയ് ഇലവുങ്കല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ഡില്‍ വോട്ട് പോലുമില്ലാത്ത ഘടകകക്ഷി നേതാവിനെ മത്സരിപ്പിക്കുക വഴി കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് നേതൃത്വം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസിയുടെ നിര്‍ദേശം പോലും അവഗണിച്ച് വാര്‍ഡ് കമ്മറ്റി യോഗം ചേരാതെ ഘടകകക്ഷിയായ ആര്‍ എസ് പിക്ക് സീറ്റ് നല്‍കിയതിന് പിന്നില്‍ എ-ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള വടംവലിയാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഇരുപത് വര്‍ഷം എല്‍ഡിഎഫ് വിജയിച്ച സീറ്റ് തിരിച്ചു പിടിക്കുന്നതിനായി കോണ്‍ഗ്രസ് വാര്‍ഡ് കമ്മറ്റി ശക്തമായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് വാര്‍ഡ് കമ്മറ്റി പോലും അറിയാതെയാണ് ആര്‍എസ്പിക്ക് സീറ്റ് നല്‍കിയതെന്നും ബിനോയി പറഞ്ഞു.ആര്‍എസ് പിക്ക് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കൂടിയ 9 അംഗ സബ് കമ്മറ്റിയിലെ 8 പേര്‍ എതിര്‍ത്തിട്ടും ഘടകകക്ഷിയായ ആര്‍ എസ് പിക്ക് സീറ്റ് നല്‍കിയതിന് പിന്നില്‍ എരുമേലിയിലെ എ-ഐ ഗ്രൂപ്പ് കളിയാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് തുമരംപാറയില്‍ കഴിഞ്ഞ 53 ദിവസമായി വാര്‍ഡ് കമ്മറ്റി പോലും കൂടാന്‍ അനുവദിക്കാതെയാണ് സീറ്റ് നല്‍കിയതെന്നും ബിനോയ് പറഞ്ഞു.

എ – ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കോണ്‍ഗ്രസിനാണ് സീറ്റ് നഷ്ടപ്പെട്ടതെന്നും വാര്‍ഡ് കമ്മറ്റിയുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പൂര്‍ണ പിന്തുണയോടെ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും ബിനോയി പറഞ്ഞു.തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കോണ്‍ഗ്രസില്‍ നിന്നും നേതാക്കളടക്കം നിരവധി പേര്‍ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു .എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ ഇ ജെ ബിനോയി,ഇലവുങ്കല്‍, പി.റ്റി അശോകന്‍ പതാലില്‍ എന്നിവര്‍ പങ്കെടുത്തു.

.