Wednesday, May 22, 2024
NewsObituaryworld

ബ്രിട്ടന്റെ എലിസബത്ത് രാജ്ഞി വിടവാങ്ങി

ലണ്ടന്‍: ബ്രിട്ടന്റെ സിംഹാസനപദവിയില്‍ 70 വര്‍ഷക്കാലം രാജ്യം ഭരിച്ച എലിസബത്ത് രാജ്ഞി അന്തരിച്ചു.96 വയസ്സായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്ന വ്യക്തിയെന്ന റെക്കോര്‍ഡും, ഏറ്റവും പ്രായം കൂടിയ രാഷ്ട്രത്തലവുമായിരുന്നു എലിസബത്ത് രാജ്ഞി . ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കുറച്ചുദിവസങ്ങളായി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. ബാല്‍മോറലിലെ വേനല്‍ക്കാല വസതിയില്‍ ജൂലൈ മുതല്‍ വിശ്രമത്തിലായിരുന്നു രാജ്ഞി.രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ് രാജകുമാരന്‍ കഴിഞ്ഞ വര്‍ഷം 99ാം വയസ്സിലാണ് അന്തരിച്ചത്. മക്കള്‍: ചാള്‍സ്, ആന്‍, ആന്‍ഡ്രൂ, എഡ്വേഡ്. രാജ്ഞിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചാള്‍സ് രാജാവും രാജ്ഞിയും ബാല്‍മോറലില്‍ എത്തിയിരുന്നു. ബാല്‍മോറലില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമായിരിക്കും ലണ്ടനിലേക്ക് മടക്കം. പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇവിടെ സംവിധാനമൊരുക്കുമെന്നും ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. അതുവരെ ചാള്‍സ് രാജാവും ഇവിടെ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രോട്ടോക്കോള്‍ അനുസരിച്ച്, ഒന്നാമനായ ചാള്‍സ് രാജകുമാരന്‍ എലിസബത്ത് രാജ്ഞിയില്‍ നിന്ന് രാജ്യ പദവി ഏറ്റെടുക്കും. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മുതല്‍ ലിസ് ട്രസ് വരെ 15 പേര്‍ എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്താണ് ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയായി ചുമതലയേറ്റ ലിസ് ട്രസ് ബാല്‍മോറലില്‍ എത്തിയാണ് രാജ്ഞിയെ കണ്ട് ചുമതല ഏറ്റെടുത്തത്. രാജ്ഞിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നായിരുന്നു ഇത്. ആദ്യമായാണ് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ഹാം കൊട്ടാരത്തിന് പുറത്ത് ചടങ്ങുകള്‍ നടക്കുന്നത്.