Saturday, May 4, 2024
keralaNews

എരുമേലി സര്‍ക്കാര്‍ ആശുപത്രിയിലെ വനിത ഡോക്ടര്‍ക്കെതിരെ വ്യാപക പരാതി.

 

  • ഡോക്ടര്‍ സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കി.

എരുമേലി സര്‍ക്കാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്ന പാവപ്പെട്ട രോഗികളോട് മോശമായി പെരുമാറുന്ന വനിത ഡോക്ടര്‍ക്കെതിരെ വ്യാപക പരാതി .കഴിഞ്ഞ ദിവസം ജീവിത ശൈലി രോഗത്തിന് മരുന്ന് വാങ്ങാനെത്തിയ രോഗിയുടെ ബന്ധുവിനോട് മോശമായി പെരുമാറിയ സംഭവം വാര്‍ത്തയായപ്പോഴാണ് കൂടുതല്‍ പേര്‍ ഇതേ തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായതായി ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുന്നത് .ഒ.പി ടിക്കറ്റ് എടുത്ത് ഈ വനിത ഡോക്ടറിനെ കാണുകയും,ഡോക്ടറുടെ മോശം സംസാരത്തില്‍ പ്രതിഷേധിച്ച് മരുന്നെഴുതിയ ഒ.പി ടിക്കറ്റ് കീറി കളയുകയും , വീണ്ടും ടിക്കറ്റ് എടുത്ത് മറ്റൊരു ഡോക്ടറെ കാണിച്ച സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. ആഴ്ചകള്‍ക്ക് മുമ്പ് മറ്റൊരാള്‍ കൂടി ഒ.പി ടിക്കറ്റ് വലിച്ച് കീറി കളഞ്ഞ സംഭവവും നടന്നതായി ഈ വാര്‍ത്തയെ തുടര്‍ന്ന് ‘ കേരള ബ്രേക്കിംഗ് ‘ ഓണ്‍ ലൈന്‍ ന്യൂസിന് അറിവ് കിട്ടി. വനിത ഡോക്ടറുടെ മര്യാദയില്ലാത്ത പെരുമാറ്റം സംബന്ധിച്ച് കഴിഞ്ഞ ദിവസവും ‘ കേരള ബ്രേക്കിംഗ് ‘ ഓണ്‍ ലൈന്‍ ന്യൂസ് വിശദമായി വാര്‍ത്ത നല്‍കിയിരുന്നു . ഗ്രാമീണ മേഖലയിലെ ഏറ്റവും പാവപ്പെട്ട രോഗികളുടെ ആശുപത്രിയാണിതെന്നും ഇവിടെ ജോലി ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ ഇഷ്ടമുള്ള സ്ഥലത്തേക്ക് പോകണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുത്തത് .എന്നാല്‍ ചികില്‍സ തേടി എത്തുന്ന രോഗികള്‍ ദൈവത്തെപ്പോലെയാണ് ഡോക്ടര്‍മാരെ കാണുന്നതെന്നും അവരില്‍ നിന്നും മരുന്നിനൊപ്പം നല്ല പെരുമാറ്റവും സമീപനവുമാണ് പ്രതീക്ഷിക്കുന്നതെന്നും ഇതു കൊണ്ടാണ് രേഖാമൂലം പരാതി നല്‍കി മോശമാക്കാത്തതെന്നും നാട്ടുകാര്‍ പറഞ്ഞു .എന്നാല്‍ എരുമേലി ആശുപത്രിയിലെ വനിത ഡോക്ടര്‍ സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കിയതായി മെഡിക്കല്‍ ഓഫീസര്‍ ഡോ. സെലീന പറഞ്ഞു .ലക്ഷങ്ങള്‍ നല്‍കി പഠിച്ചിറങ്ങുന്ന ഇത്തരത്തിലുള്ള ഡോക്ടര്‍മാര്‍ക്ക് ഹെല്‍ത്ത് സെന്ററുകളില്‍ ജോലി ചെയ്യാന്‍ താത്പര്യമില്ലെന്നും കുറച്ച് കൂടി പ്രവര്‍ത്തനപരിചയമുള്ള ഡോക്ടര്‍മാരെ നിയമിക്കുന്നതാണ് പ്രശ്‌നപരിഹാരത്തിന് നല്ലതെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.