Wednesday, May 15, 2024
keralaNewspolitics

ടി.എം ഹര്‍ഷന്‍ ഉടുമ്പന്‍ചോലയില്‍ മത്സരിക്കാന്‍ എത്തുമോ?

കേരളത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും വാര്‍ത്താ അവതാരകനും ആയ ടിഎം ഹര്‍ഷന്‍ 24 ന്യൂസില്‍ നിന്ന് രാജിവച്ചു. എഡിറ്റോറിയല്‍ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി എന്നാണ് വിവരം. 24 ന്യൂസിന്റെ അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ ആയിരുന്നു ഹര്‍ഷന്‍. സംഭവ ബഹുലമായ രണ്ടര വര്‍ഷത്തെ ട്വന്റി ഫോര്‍ ന്യൂസ് ജീവിതം അവസാനിപ്പിച്ചുവെന്നാണ് ഹര്‍ഷന്റെ പോസ്റ്റ്.ഈ സാഹചര്യത്തിലാണ് രാഷ്ട്രീയം ചര്‍ച്ചയാകുന്നതും. ട്വന്റി ഫോറിലെ അതൃപ്തിക്കൊപ്പം സിപിഎം സ്ഥാനാര്‍ത്ഥിത്വവും ഹര്‍ഷനെ സ്വാധീനിച്ച ഘടകമാണെന്ന വിലയിരുത്തല്‍ സജീവമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള മാധ്യമ പ്രവര്‍ത്തകനാണ് ഹര്‍ഷന്‍.

24 ന്യൂസ് ചാനലില്‍ നിന്ന് രാജി വച്ചെങ്കിലും മാധ്യമ പ്രവര്‍ത്തന മേഖലയില്‍ തുടരുമെന്ന് ഹര്‍ഷന്‍ പറയുന്നു. തത്കാലം ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തനത്തില്‍ തുടരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാര്യങ്ങള്‍ പിന്നീട് വിശദീകരിക്കാം എന്നാണ് നിലപാട്.

24 ന്യൂസിന്റെ പ്രധാന മുഖമാകുമെന്ന പ്രതീക്ഷയിലാണ് അവിടേക്ക് ഹര്‍ഷന്‍ എത്തിയത്. എന്നാല്‍ കാര്യങ്ങള്‍ അത്ര സുഗമമായിരുന്നില്ല. എന്നാല്‍ ഇതിലുപരി തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍ മത്സരിക്കാന്‍ ഹര്‍ഷന് കഴിയും എന്ന വിലയിരുത്തലുകള്‍ കൂടി അടിസ്ഥാനമാക്കിയുള്ളതാണ് രാജി.വൈദ്യുത മന്ത്രി എംഎം മണിയാണ് ഉടുമ്പന്‍ചോലയുടെ എംഎല്‍എ. അസുഖങ്ങള്‍ അലട്ടുന്ന മണി വീണ്ടും മത്സരിക്കില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഹര്‍ഷനെ സിപിഎം പരിഗണിക്കുന്നത്്. 2018 ജൂലായില്‍ ആയിരുന്നു ഹര്‍ഷന്‍ മീഡിയ വണില്‍ നിന്ന് രാജിവയ്ക്കുന്നത്. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് മീഡിയ വണ്‍ സ്വീകരിച്ച നിലപാടുകള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഹര്‍ഷന്‍ മീഡിയ വണ്‍ വിടാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതാണെന്നായിരുന്നു അന്ന് പുറത്ത് വന്ന വാര്‍ത്ത. ഇത്തരം നിലപാടുകളെല്ലാം ഇടതുപക്ഷത്തേക്ക് ഹര്‍ഷനെ കൂടുതല്‍ അടുപ്പിക്കുന്നു