Friday, April 26, 2024
keralaNews

ശമ്പളം, പെന്‍ഷന്‍, ക്ഷേമ പെന്‍ഷന്‍ വിതരണം വോട്ടെടുപ്പിനു മുന്‍പ്

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവര്‍ക്കുള്ള പെന്‍ഷനും വോട്ടെടുപ്പിന്റെ തലേന്നായ ഏപ്രില്‍ 5 ന് എങ്കിലും കൊടുത്തു തീര്‍ക്കാന്‍ ട്രഷറിക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സാധാരണ മാസത്തിന്റെ പകുതിയെത്തുമ്പോഴാണു വിതരണം പൂര്‍ത്തിയാകുന്നത്.

ശമ്പള കമ്മിഷന്‍ ശുപാര്‍ശയനുസരിച്ചു പരിഷ്‌കരിച്ച ശമ്പളവും പെന്‍ഷനുമാണ് ഏപ്രിലില്‍ ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഈ മാസത്തെയും (1500 രൂപ) അടുത്ത മാസത്തെയും (1600 രൂപ) ക്ഷേമ പെന്‍ഷന്‍ തുക ഒരുമിച്ച് (3100 രൂപ) അടുത്ത മാസം അഞ്ചിനെങ്കിലും കൊടുക്കാനും തീരുമാനമായി.പുതുക്കിയ ശമ്പളം നല്‍കാന്‍ 400 കോടിയും പെന്‍ഷന് 140 കോടിയുമാണ് ഒരു മാസത്തെ അധിക ബാധ്യതയായി ധനവകുപ്പു കണക്കുകൂട്ടുന്നത്. ഇതിനായി പണം കണ്ടെത്തുന്നതിന് 1000 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ലേലം മാര്‍ച്ച് 16നു റിസര്‍വ് ബാങ്കില്‍ നടക്കും.

അടുത്ത മാസം 1, 2, 4 തീയതികളില്‍ അവധി ആയതിനാല്‍ തിരഞ്ഞെടുപ്പിനു മുന്‍പു ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 3, 5 തീയതികളെ ലഭിക്കൂ. ഇതു കണക്കിലെടുത്ത് ഈ മാസം അവസാനം ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ ആലോചിച്ചെങ്കിലും ഈ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതിക്കണക്കില്‍ വരുമെന്നതിനാല്‍ ഒഴിവാക്കി. പകരം, 6നു വോട്ടെടുപ്പു നടക്കുന്നതിനാല്‍ അതിനു മുന്‍പു നല്‍കാന്‍ തീരുമാനിച്ചു.സ്പാര്‍ക് സോഫ്റ്റ്വെയറില്‍ ഉള്‍പ്പെടുത്തിയ പുതിയ മൊഡ്യൂള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ശമ്പളം പരിഷ്‌കരിക്കും. ഈ മാസം 15 മുതല്‍ തന്നെ ശമ്പള ബില്ലുകള്‍ സമര്‍പ്പിച്ചു തുടങ്ങാന്‍ ഡിഡിഒമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.