Tuesday, April 30, 2024
indiakeralaNews

ഇഡി ഐശ്വര്യ റായിയെ ചോദ്യംചെയ്തു

ന്യൂഡല്‍ഹി; നികുതി വെട്ടിപ്പു ലക്ഷ്യമിട്ടുള്ള വിദേശ നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ടു ബോളിവുഡ് നടി ഐശ്വര്യ റായിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അനധികൃത വിദേശ നിക്ഷേപങ്ങള്‍ സംബന്ധിച്ച 2016ലെ ‘പാനമ രേഖകളി’ലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ 2017ല്‍ ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായാണു ഡല്‍ഹിയിലെ ഇഡി ആസ്ഥാനത്ത് നടിയെ 5 മണിക്കൂറിലേറെ ചോദ്യം ചെയ്തത്. ഇതിനു മുന്‍പു 2 തവണ നോട്ടിസ് നല്‍കിയെങ്കിലും ഹാജരായിരുന്നില്ല. ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്‍പാകെ ഐശ്വര്യ മൊഴി നല്‍കി. വിദേശ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കി.

ബ്രിട്ടിഷ് വെര്‍ജിന്‍ ദ്വീപിലെ കമ്പനിയില്‍ 2005 മുതല്‍ 2008 വരെ ഐശ്വര്യ നടത്തിയ നിക്ഷേപങ്ങളാണ് ഇഡി പരിശോധിക്കുന്നത്. കമ്പനിയുടെ ഡയറക്ടര്‍ പദവി ഐശ്വര്യ വഹിച്ചിരുന്നുവെന്നാണു വിവരം. നിക്ഷേപങ്ങളില്‍ വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കും. 2009ല്‍ ദുബായ് ആസ്ഥാനമായുള്ള സ്ഥാപനം ഈ കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട ഇടപാടുകളും അന്വേഷിക്കും. ഐശ്വര്യയുടെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനെ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട് മുന്‍പ് ഇഡി ചോദ്യം ചെയ്തിരുന്നു. പാനമ പേപ്പര്‍ വെളിപ്പെടുത്തലില്‍ 300 ഇന്ത്യക്കാരുടെ വിദേശനിക്ഷേപ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാണുള്ളത്.