Friday, May 17, 2024
keralaNews

ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി യോഗം ഇന്ന്; പ്രതീഷിച്ച തുക ലേലത്തില്‍ ലഭിച്ചില്ല

തൃശ്ശൂര്‍:ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതി യോഗം ഇന്ന്.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച ഥാര്‍ ലേലം ചെയ്തപ്പോഴുണ്ടായ തര്‍ക്കം ക്ഷേത്രം ഭരണ സമിതി ചര്‍ച്ച ചെയ്യും. ഈ മാസം പതിനെട്ടിനു നടന്ന ലേലം വിവാദമായിരുന്നു. പ്രതീഷിച്ച തുക ലേലത്തില്‍ ലഭിച്ചില്ലെന്ന ചെയര്‍മാന്റെ പ്രതികരണം ആണ് വിവാദമായത് . ലേലത്തിനു ഭരണ സമിതി അംഗീകാരം നല്‍കിയിട്ടില്ലെന്നും, താത്കാലികമായാണ് ലേലം ഉറപ്പിച്ചത് എന്നും ചെയര്‍മാന്‍ വ്യക്തമാക്കുകയും ചെയ്തു . ഈ സാഹചര്യത്തില്‍ ഇന്നത്തെ യോഗം നിര്‍ണ്ണായകമാണ്.

 

എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദ് 15 ലക്ഷത്തി പതിനായിരം രൂപക്കാണ് വാഹനം ലേലത്തില്‍ പിടിച്ചത്. വാഹനത്തിന് അടിസ്ഥാന വിലയായി നിശ്ചയിച്ചത് 15 ലക്ഷമായിരുന്നു. ഇത് കൊണ്ട് പ്രതീക്ഷിച്ച തുക ലേലത്തില്‍ ലഭിച്ചില്ലെന്നും താല്‍ക്കാലികമായാണ് ലേലം ഉറപ്പിച്ചതെന്നും ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു.തുടര്‍ന്ന് ലേല നടപടി അംഗീകരിക്കുമോ എന്നതില്‍ കൂടുതല്‍ ആലോചനകള്‍ വേണമെന്ന് ദേവസ്വം ചെയര്‍മാന്‍ അമലിന്റെ പ്രതിനിധിയെ അറിയിച്ചു. ബഹ്റൈനിലുള്ള പ്രവാസി വ്യവസായിയാണ് അമല്‍ മുഹമ്മദ് അലി. ഡിസംബര്‍ ആദ്യ വാരമാണ് മഹീന്ദ്ര ഈ വാഹനം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കായായി നല്‍കിയത്. ഇന്ത്യയിലെ വാഹന വിപണിയില്‍ തരംഗമായി മാറിയ ഥാര്‍ എസ്.യു.വിയുടെ ലിമിറ്റഡ് എഡിഷന്‍ പതിപ്പാണ് നിര്‍മാതാക്കള്‍ ഗുരുവായൂരപ്പന് കാണിക്കായി സമര്‍പ്പിച്ചത്.