Tuesday, May 14, 2024
HealthkeralaNews

കൊവിഡ് രോഗികളുടെ ചികിത്സാ നിരക്ക് ഏകീകരിച്ചു

 

കോവിഡ് രോഗികളില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് ഇനി അമിത നിരക്ക് ഈടാക്കാനാകില്ല. കൊവിഡ് രോഗികളുടെ ചികിത്സാ നിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി. ജനറല്‍ വാര്‍ഡുകള്‍ക്ക് എല്ലാ ചെലവുകളും ഉള്‍പ്പെടെ 2645 രൂപ വരെ മാത്രമേ ഈടാക്കാവൂ എന്ന് വിജ്ഞാപനത്തില്‍ പറയുന്നു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതായി ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ചികിത്സാ നിരക്ക് ഏകീകരിച്ചുക്കൊണ്ട് വിജ്ഞാപനം ഇറക്കിയതായി വ്യക്തമാക്കിയത്.
രജിസ്‌ട്രേഷന്‍, കിടക്ക, നേഴ്‌സിംഗ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെ 2645 രൂപ മാത്രമേ ജനറല്‍ വാര്‍ഡുകളില്‍ ഈടാക്കാവൂ എന്നാണ് വിജ്ഞാപനം. ഒരു ദിവസം ജനറല്‍ വാര്‍ഡില്‍ ഒരു രോഗിക്ക് രണ്ട് പി.പി.ഇ കിറ്റുകളുടെ വില മാത്രമേ ഈടാക്കാവൂ. ജനറല്‍ വാര്‍ഡില്‍ രണ്ട് പി.പി.ഇ കിറ്റ് മാത്രമേ ഒരു രോഗിക്ക് ഉപയോഗിക്കാവൂ എന്നും ഐ.സി.യുവില്‍ ആണെങ്കില്‍ അഞ്ച് പി.പി.ഇ കിറ്റുകള്‍ വരെ ആകാമെന്നും വ്യക്തമാക്കുന്നുണ്ട്. ഇവയുടെ പരമാവധി വില്‍പ്പന വിലയില്‍ കൂടുതല്‍ നിരക്ക് ഈടാക്കാന്‍ പാടില്ലെന്ന് വിജ്ഞാപനത്തിലുണ്ട്.
അധിക നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ഡി.എം.ഒ അടക്കമുള്ള ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാവുന്നതാണ്. നേരിട്ടോ ഇ-മെയില്‍ വഴിയോ പരാതി നല്‍കാം. അമിതമായി ഈടാക്കിയതിന്റെ പത്തിരട്ടി പിഴയായി ആശുപത്രിയില്‍നിന്ന് ഈടാക്കും എന്നും വിജ്ഞാപനത്തില്‍ പറയുന്നു.                                                      വിജ്ഞാപനം വായിച്ചുകേട്ട ഹൈക്കോടതി ബെഞ്ച് പ്രഥമദൃഷ്ട്യാ സര്‍ക്കാരിനെ അഭിനന്ദനമറിച്ചു. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ ഉത്തരവിലെ പല നിര്‍ദേശങ്ങളെയും കോടതിയില്‍ എതിര്‍ത്തു. സര്‍ക്കാര്‍ തങ്ങള്‍ക്ക് ഒരു സബ്‌സിഡിയും നല്‍കുന്നില്ല. സി.ടി സ്‌കാന്‍ അടക്കമുള്ളവയക്ക് 4000-5000 രൂപയാകും. മൂന്ന് ഷിഫ്റ്റ് ആയാണ് നഴ്‌സുമാര്‍ ജോലിചെയ്യുന്നത്. എട്ട് മണിക്കൂറില്‍ കൂടുതല്‍ ഒരു പി.പി.ഇ കിറ്റ് ധരിക്കാന്‍ സാധിക്കില്ല. ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടു വേണം വിധി പറയാനെന്നും അവര്‍ കോടതിയെ അറിയിച്ചു.