Wednesday, May 22, 2024
keralaNewsUncategorized

ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം:  വീട് തകര്‍ത്തു 

ഇടുക്കി: ചിന്നക്കനാല്‍ ബിഎല്‍ റാവില്‍ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. പുലര്‍ച്ചെ ഉണ്ടായ ആക്രമണത്തില്‍ ചിന്നക്കനാല്‍ മഹേശ്വരിയുടെ വീട് തകര്‍ന്നു. കാട്ടാന ആക്രമണത്തില്‍ മഹേശ്വരിയും മകള്‍ കോകിലയും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മഹേശ്വരിയ്ക്ക് ചെറിയ പരുക്ക് പറ്റിയിട്ടുണ്ട്. അരിക്കൊമ്പന്‍ എന്ന ഒറ്റയാനാണ് ഇന്നും ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ചിന്നക്കനാല്‍ പ്രദേശത്ത് അരിക്കൊമ്പന്‍ ആക്രമണം നടത്തുന്നത് പതിവാകുകയാണ്. കഴിഞ്ഞ ദിവസം ബെന്നി എന്നയാളുടെ വീട് തകര്‍ത്തിരുന്നു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികള്‍ ഒച്ചവെച്ചതോടെയാണ് കാട്ടാന പിന്‍വങ്ങിയത്. കാട്ടാന ആക്രമണത്തില്‍ ബെന്നിയ്ക്ക് പരിക്കേറ്റിരുന്നു. ഇയാള്‍ രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. അരിക്കൊമ്പന്റെ ആക്രമണത്തില്‍ റേഷന്‍ കടയും തകര്‍ത്തിരുന്നു. അരിക്കൊമ്പന്റെ നിരന്തര ആക്രമണത്തെ തുടര്‍ന്ന് കടയില്‍ ഉണ്ടായിരുന്ന റേഷന്‍ സാധങ്ങള്‍ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. അതിനാല്‍ റേഷന്‍ സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകര്‍ക്കുന്നത്.കഴിഞ്ഞ പത്ത് ദിവസത്തിനിടെ നാലാമത്തെ തവണയാണ് ഇവിടെ ആന ഇറങ്ങുന്നത്.