Saturday, April 27, 2024
indiaNews

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ നടത്തിയ റാലി സംഘര്‍ഷ ഭരിതമായി.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ നടത്തിയ റാലി സംഘര്‍ഷ ഭരിതമായി. ഡല്‍ഹി ലക്ഷ്യമാക്കി നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത ആയിരക്കണക്കിന് കര്‍ഷകരെയാണ് ഹരിയാന അതിര്‍ത്തിയില്‍ ബുധനാഴ്ച തടഞ്ഞത്. ഇതോടെ അതിര്‍ത്തിയില്‍ കര്‍ഷകര്‍ കുത്തിയിപ്പ് സമരമാരംഭിച്ചു. വൈകാതെ കര്‍ഷകരും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് ഇതെത്തി. കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പോലീസ് പ്രയോഗിച്ചതില്‍ പ്രകോപിതരായ കര്‍ഷകര്‍ പോലീസ് പാലത്തില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞു.മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഉത്തരവ് പ്രകാരമായിരുന്നു പഞ്ചാബ് അതിര്‍ത്തി ഹരിയാന അടച്ചിട്ടത്. ബാരിക്കേഡുകള്‍, ജലപീരങ്കികള്‍ എന്നിങ്ങനെ സര്‍വസന്നാഹങ്ങളും കര്‍ഷക റാലി തടയുന്നതിനായി സജ്ജമാക്കിയിട്ടുണ്ടായിരുന്നു. കര്‍ഷക റാലിയുടെ പശ്ചാത്തലത്തില്‍ രണ്ടുദിവസത്തേക്ക് പഞ്ചാബിലേക്കുളള ബസ് സര്‍വീസുകള്‍ ഹരിയാന നിര്‍ത്തിവെച്ചു.പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, കേരളം എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് ഇന്നും നാളെയുമായി ഡല്‍ഹിയിലേക്ക് നടക്കുന്ന മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ഷക റാലിക്ക് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെങ്കിലും ഗുരുഗ്രാം, ഫരീദാബാദ് തുടങ്ങി ഡല്‍ഹി അതിര്‍ത്തികളില്‍ വന്‍ സുരക്ഷാസന്നാഹങ്ങളാണ് മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.