Tuesday, May 21, 2024
indiaNewspolitics

സുപ്രീം കോടതി നിര്‍ദ്ദേശിച്ചാല്‍ ബാര്‍ കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ

ദില്ലി : ബാര്‍ കോഴക്കേസില്‍ അന്വേഷണമാകാമെന്ന് സുപ്രീം കോടതിയില്‍ നിലപാടറിയിച്ച് സിബിഐ. ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യം നേരത്തെ സുപ്രീം കോടതി തളളിയിരുന്നു. ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചേക്കും. സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ അന്വേഷണമാകാമെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. പി എല്‍ ജേക്കബ് എന്നയാളാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, മുന്‍ മന്ത്രി കെ ബാബു, അന്തരിച്ച മുന്‍ ധനമന്ത്രി കെ എം മാണിയുടെ മകനും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ ജോസ് കെ മാണി എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കൊച്ചി സി ബി ഐ യൂണിറ്റ് എസ് പിയാണ് നിലപാട് അറിയിച്ചത്. 418 ബാറുകള്‍ തുറക്കാന്‍ അഞ്ച് കോടിരൂപ ആവശ്യപ്പെട്ടെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് കേസിന് ആധാരം.

ആര്‍എസ്എസ് അജണ്ടയെന്ന് എം വി ഗോവിന്ദന്‍

ബാര്‍ കോഴക്കേസ് കുത്തിപ്പൊക്കലിന് പിന്നില്‍ ആര്‍ എസ് എസ് അജന്‍ഡയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. സി ബി ഐ കൂട്ടിലടച്ച തത്തയാണ്. ആര്‍ എസ് എസ് പറയുന്നതിന് അനുസരിച്ച് തുള്ളുന്ന ഏജന്‍സിയാണ് സി ബി ഐയെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ നടക്കുന്നത് സ്വാഭാവിക നടപടി എന്ന് കെ ബാബു പ്രതികരിച്ചു. അന്വേഷണം സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദ്ദേശം ഒന്നും നല്‍കിയിട്ടില്ല. പല കേസുകളും ചര്‍ച്ച ആകുമെന്നും ഇതില്‍ പ്രതികരിക്കേണ്ട കാര്യമില്ല എന്നും കെ ബാബു പറഞ്ഞു.

ബാര്‍ കോഴക്കേസ് : സ്വാഗതം ചെയ്ത് ബാറുടമ ബിജു രമേശ്                           തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേശിക്കാന്‍ തയ്യാറാണെന്ന സിബിഐ നിലപാടിലെ സ്വാഗതം ചെയ്ത് ബാറുടമ ബിജു രമേശ് രംഗത്ത്. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു .  സിബിഐ അന്വേഷിക്കട്ടെ.യാഥാർത്ഥ്യം എല്ലാവരും അറിയണം.ആരെയും ബലിയാടാക്കാനൊന്നും താൽപര്യം ഇല്ല.മരണം വരെ ഉറച്ചു നിൽക്കും.കൂടെ നിന്ന പല ബാർ ഉടമകളും പിന്നീട് പിന്മാറി.പല ബിസിനസ് ഉള്ള ആളുകളും ഉണ്ട്.ശക്തരായ ഉദ്യോഗസ്ഥർ ഒതുക്കപ്പെട്ടു.ഉദ്യോഗസ്ഥന് സ്ഥാനം വാഗ്ദാനം ചെയ്തു കേസ് ഒതുക്കി.തത്ത സത്യം പറയുമെങ്കിൽ പറയട്ടെ.വിജിലൻസിനെ കൊണ്ട് വല്ല ഉപയോഗവും ഉണ്ടോ? കേരള കോൺഗ്രസിൻ്റെ രാഷ്ട്രീയ മാറ്റത്തിൻ്റെ ഭാഗമായാണ് കേസ് സെറ്റിൽ ആയത്.കേസ് നടക്കുമ്പോൾ മാണി ഇടത് മുന്നണിയിൽ പോകും എന്നത് തങ്ങൾക്ക് അറിയില്ലായിരുന്നു.ബാർ കോഴക്കേസ് വലിയ മാറ്റം ഉണ്ടാക്കിയെന്നും ബിജു രമേശ് പറഞ്ഞു. ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി പിഎല്‍  ജേക്കബ് രണ്ടായിരത്തി ഇരുപത്തിയൊന്നിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. രണ്ടായിരത്തി പതിനാലില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുള‍്‍പ്പെടയുള്ള നേതാക്കള്‍ക്ക് കോഴ നല്‍കിയെന്ന ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ബിജു രമേശിന്‍റെ വെളിപ്പെടുത്തലായിരുന്നു പരാതിക്കാധാരം. ഇതിനുള്ള മറുപടിയിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങി. ബാര്‍ ലൈസന്‍സ് പുതുക്കാന്‍ അന്നത്തെ എക്സൈസ് മന്ത്രി കെ ബാബുവിനും ഒരു കോടി നല്‍കി. രമേശ് ചെന്നിത്തലക്ക് ഒരു കോടിയുും,  വി എസ് ശിവകുമാറിന് ഇരുപത്തിയഞ്ച് ലക്ഷവും കൈമാറിയെന്നും ബിജു രമേശ് ആരോപിച്ചതായി സത്യവാങ് മൂലത്തില്‍ വ്യക്തമാക്കുന്നു.