Friday, May 17, 2024
keralaNews

എല്ലാം പോയടാ …… കുഞ്ഞുമോന്റെ ഇടറിയ വാക്കുകളില്‍ ” അവൾ ” കരഞ്ഞു

എരുമേലി:മഴക്കെടുതിയാൽ സർവ്വതും നഷ്ടപ്പെട്ട വേദനയിൽ നിൽക്കുമ്പോഴാണ് ആ വേദനയിൽ പങ്കുചേരാൻ അവൾ എത്തിയത്.എരുമേലി കുറുവാമൂഴിയിൽ മണിമലയാർ കവർന്നെടുത്ത തേനഹരിയിൽ റ്റി. കെ കുഞ്ഞുമോന്റെ പ്രിയപ്പെട്ട വളർത്തു പൂച്ച കുഞ്ഞാണ് തകർന്ന വീട്ടിൽ പ്രത്യക്ഷപ്പെട്ടത്.
നാല് ദിവസം മുമ്പ് ഒഴുക്കിൽപ്പെട്ട് കാണാതായിയെന്നു വിശ്വസിച്ചിരിക്കെയായിരുന്നു
കുഞ്ഞുപൂച്ചയുടെ വരവ്. എന്നും വന്നിരിക്കുന്ന ആ മുറിയുടെ വാതിലിൽ തകർന്ന ഭിത്തിയുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും കുഞ്ഞുമോൻ ചേട്ടനെ നോക്കി കരഞ്ഞതോടെയാണ്” കുഞ്ഞു പൂച്ചയെ ” കണ്ടത് :ഉടനെ അവളെ എടുത്ത് എല്ലാം പോയടാ …. നമ്മുടെ വീട് പോയി ..സാധനങ്ങളും – എല്ലാം ,കുഞ്ഞുമോന്റെ ഇടറിയ വാക്കുകൾ കേൾക്കുമ്പോഴും ” അവൾ ” കരഞ്ഞു കൊണ്ടിരുന്നു. താൻ സുരക്ഷിതയായി കിടന്നുറങ്ങുന്ന വീട് തകർന്നുവെന്ന് മനസിലാക്കിയത് പോലെയായിരുന്നു ആ കരച്ചിൽ . വളർത്തു മൃഗങ്ങളെ സ്നേഹിക്കുന്ന ഏതൊരാളിന്റേയും മനസ് വേദനിപ്പിക്കുന്നതായിരുന്നു ആ കാഴ്ച .