Friday, May 10, 2024
indiakeralaNews

ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ആരോഗ്യ മന്ത്രാലയം.

ജനുവരി എട്ട് മുതല്‍ ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതോടെ തിരിച്ചെത്തുന്നവര്‍ക്കായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാര്‍. ജനുവരി എട്ടിനും 30നും ഇടയില്‍ ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യേഴ്സില്‍(എസ്ഒപി) പറയുന്നു.

യാത്രക്കാര്‍ 72 മണിക്കൂര്‍ മുന്‍പ് www.newdelhiairport.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് വിമാനക്കമ്പനികള്‍ ഉറപ്പുവരുത്തണം. യാത്രാ വിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലവും കൊറോണ രോഗിയല്ലെന്ന സ്വയം സാക്ഷ്യ പത്രവും വിമാനത്താവളത്തില്‍ സമര്‍പ്പിക്കണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

എല്ലാ അന്താരാഷ്ട്ര വിമാനത്താവളത്തിലും ആര്‍ടി-പിസിആര്‍ ടെസ്റ്റിനുള്ള സൗകര്യം ഉണ്ടായിരിക്കണം. വിമാനത്താവളങ്ങള്‍ക്ക് സമീപം ക്വാറന്റീനുള്ള സൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിലെ ജീവനക്കാര്‍ യാത്രക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. പരിശോധനയില്‍ നെഗറ്റീവായി വരുന്നവരെല്ലാവരും 14ദിവസം ക്വാറന്റീനില്‍ ഇരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

കൊറോണ വൈറസിന്റെ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ബ്രിട്ടണില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ നിരവധി പേര്‍ വിമാനത്താവളത്തില്‍ തെറ്റായ വിലാസമാണ് നല്‍കിയതെന്ന് കണ്ടെത്തിയിരുന്നു. വിമാന സര്‍വ്വീസുകള്‍ കൂടി പുനരാരംഭിക്കുന്നതോടെ സമാന സംഭവങ്ങള്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യാനുള്ള സാദ്ധ്യത മുന്നില്‍ കണ്ടാണ് കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറത്തിറക്കിയത്.ജനുവരി 30വരെയാണ് എസ്ഒപിയുടെ പ്രാബല്യം. സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളും ഇവര്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ജനുവരി 23 വരെ ആഴ്ചയില്‍ 15 വിമാനങ്ങളാണ് ബ്രിട്ടണില്‍ നിന്ന് ഇന്ത്യയിലേക്ക് അനുവദിച്ചിട്ടുള്ളത്.