Friday, April 26, 2024
keralaNewsUncategorized

500 കോടി രൂപ പിഴ ചുമത്തുമെന്ന് ഹരിത ട്രൈബ്യൂണലിന്റെ താക്കീത്

ന്യൂഡല്‍ഹി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹരിത ട്രൈബ്യൂണല്‍. ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും, വേണ്ടി വന്നാല്‍ 500 കോടി രൂപ പിഴ ചുമത്തുമെന്നും ഹരിത ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് എ.കെ ഗോയല്‍ അദ്ധ്യക്ഷനായ ബെഞ്ച് വിമര്‍ശനം അറിയിച്ചത്. തീപിടിത്തത്തിന്റെ ഏക ഉത്തരവാദി ഭരണചുമതലയുള്ള സര്‍ക്കാരാണെന്ന് ജസ്റ്റിസ് എ.കെ ഗോയല്‍ ചൂണ്ടിക്കാട്ടി. കൂടാതെ, തീ അണയ്ക്കുന്നതിലുണ്ടായ കാലതാമസത്തിനും ഈ കാലയളവില്‍ കൊച്ചിയിലെ ജനങ്ങള്‍ നേരിട്ട ആരോഗ്യ ഭീഷണിക്കും സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദി. ഇതില്‍ വിശദമായ പരിശോധന നടത്തി സര്‍ക്കാരിനെതിരെ നടപടിയെടുക്കുമെന്നും ബെഞ്ച് വിലയിരുത്തി. ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസില്‍ സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. തീ പൂര്‍ണമായി അണച്ചുവെന്നും തീപിടിത്തം സംഭവിച്ചപ്പോള്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നുമായിരുന്നു ട്രൈബ്യൂണലിനെ സര്‍ക്കാര്‍ അറിയിച്ചത്.