Monday, May 13, 2024
indiaNewspolitics

ബിപിന്‍ റാവത്തിനെ അപമാനിച്ച സംഭവം; രശ്മിതയ്ക്കെതിരെ നടപടിയുണ്ടാകും ; എജി

കൊച്ചി : സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംഭവത്തില്‍ അധിക്ഷേപിച്ച് അപമാനിച്ച സര്‍ക്കാര്‍ പ്ലീഡര്‍ രശ്മിത രാമചന്ദ്രനെ നടപടിയുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്ണ കുറുപ്പ്. രശ്മിതയ്ക്കെതിരെ വിമുക്തഭടന്മാരും, യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജുമുള്‍പ്പെടെ നിരവധി പേരാണ് അഡ്വക്കേറ്റ് ജനറലിന് പരാതി നല്‍കിയത്. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.                                        ബിപിന്‍ റാവത്തിന്റെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു രശ്മിത രാമചന്ദ്രന്‍ അധിക്ഷേപവുമായി രംഗത്ത് വന്നത്. ഭരണഘടനാ ചട്ടങ്ങള്‍ പാലിക്കാതെയാണ് ബിപിന്‍ റാവത്തിനെ സംയുക്ത സൈനിക മേധാവി ആക്കിയതെന്നും മരണം ആരെയും വിശുദ്ധനാക്കില്ലെന്നുമായിരുന്നു വിമര്‍ശനം. സംഭവത്തില്‍ രശ്മിതയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് നടപടി സ്വീകരിക്കുമെന്ന് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചത്.

 

സര്‍വ്വകലാശാലാ വിഷയത്തില്‍ പ്രതികരിക്കുന്നതിനിടെ മാദ്ധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മറുപടി പറഞ്ഞത്. പരാതിയില്‍ സര്‍ക്കാര്‍ പ്ലീഡര്‍ക്കെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്ന് അദ്ദേഹം പ്രതികരിച്ചു.