Saturday, May 18, 2024
indiaNews

കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാശിധാം ഇടനാഴി പ്രധാനമന്ത്രി  രാജ്യത്തിനു തുറന്നുകൊടുത്തു.

ന്യൂഡല്‍ഹി: വാരാണസിയില്‍ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാശിധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു തുറന്നുകൊടുത്തു. ഉച്ചയ്ക്ക് ഒരു മണിയോടെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി ക്ഷേത്രദര്‍ശത്തിനുശേഷം കാശിധാം ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു.ഉച്ചയ്ക്ക് 12 മണിക്ക് വാരാണസിയിലെ കാലഭൈരവക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി, ഗംഗാസ്നാനം ചെയ്താണ് ഇടനാഴി ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി എത്തിയത്. വൈകീട്ട് ആറുമണിക്ക് ഗംഗാ ആരതിയിലും അദ്ദേഹം പങ്കുചേരും. ചൊവ്വാഴ്ച വൈകീട്ട് 3.30-ന് വാരാണസി സ്വര്‍വേദ് മഹാമന്ദിര്‍ സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി ഡല്‍ഹിയിലേക്കു മടങ്ങും.

കാശി വിശ്വനാഥക്ഷേത്ര സമുച്ചയത്തെയും ഗംഗാ നദിയെയും ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴി പദ്ധതിക്കായി 800 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. ഇതില്‍ ആദ്യഘട്ട നിര്‍മാണത്തിന് 339 കോടി രൂപയാണ് ചെലവായത്. ക്ഷേത്രത്തിലേക്ക് ആദ്യമായി എത്തുന്നവര്‍ക്ക് സഹായം നല്‍കുന്നതിനുള്ള യാത്രി സുവിധാ കേന്ദ്രം, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, വേദിക് കേന്ദ്രം, വാരാണസിയുടെ ചരിത്രവും സാംസ്‌കാരിക പ്രാധാന്യവും വ്യക്തമാക്കുന്ന മ്യൂസിയം, ഊട്ടുപുര, ദൂരദേശങ്ങളില്‍നിന്നെത്തുന്ന ഭക്തര്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം തുടങ്ങി 23 കെട്ടിടങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.