Friday, May 3, 2024
keralaNews

ബിനീഷ് കോടിയേരിക്ക് സ്വന്തമായുളളത് തിരുവനന്തപുരത്തെ വീടും കണ്ണുരിലെ സ്ഥലവും മാത്രമെന്ന് രജിസ്ട്രഷന്‍ വകുപ്പ്.

 

എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലുളള ബിനീഷ് കോടിയേരിക്ക് സ്വന്തമായുളളത് തിരുവനന്തപുരത്തെ വീടും കണ്ണുരിലെ സ്ഥലവും മാത്രമെന്ന് രജിസ്ട്രഷന്‍ വകുപ്പ്. മൂന്ന് കമ്ബനികളില്‍ ഓഹരി ഉടമസ്ഥതയും ബാങ്ക് ബാലന്‍സും ഉണ്ടെന്ന് ബിനീഷ് അറിയിച്ചെങ്കിലും രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പരിധിയില്‍ വരുന്നില്ലെന്ന കാരണത്താല്‍ അത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രറേിന്റെ നിര്‍ദേശപ്രകാരമാണ് രജിസ്ട്രേഷന്‍ വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കി കൈമാറിയത്.മുദ്രവച്ച കവറിലാണ് രജിസ്‌ട്രേഷന്‍ വകുപ്പ് റിപ്പോര്‍ട്ട് കൈമാറിയത്. എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷമാണ് സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിനോട് ബിനീഷിന്റെ ആസ്തി വകകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്. രജിസ്‌ട്രേഷന്‍ ഐ ജിക്കാണ് എന്‍ഫോഴ്സ്മെന്റ് കത്ത് നല്‍കിയിരുന്നത്.

കണ്ണൂരിലെ ഭൂമി സ്വന്തം സമ്പാദ്യത്തില്‍ നിന്നും വാങ്ങിയതല്ലെന്നും പൈതൃക സ്വത്തായി കിട്ടിയതാണെന്നും സൂചിപ്പിച്ചിട്ടുണ്ട്. ബിനീഷിന്റെ മാത്രം സ്വത്തു വകകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞതിനാല്‍ ഭാര്യയുടെ പേരിലുളള ആസ്തികള്‍ ഇ ഡിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടില്ല. റിപ്പോര്‍ട്ട് തയ്യാറാക്കും മുമ്പ് ബിനീഷിനോട് രജിസ്‌ട്രേഷന്‍ വകുപ്പ് വസ്തു വകകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു.അതേസമയം അനൂപിന്റെ ഇടപാടുകള്‍ ബിനീഷാണ് കേരളത്തിലിരുന്ന് നിയന്ത്രിച്ചതെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തല്‍. അറസ്റ്റിന് തൊട്ടുമുമ്പും അനൂപ് ബിനീഷിനെ വിളിച്ചിരുന്നു.ലഹരി ഇടപാടിനായി പണംവന്ന അക്കൗണ്ടുകള്‍ ബിനീഷിന്റെ അറിവിലുളളതാണെന്നും എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കുന്നു. ബിനീഷിനെതിരെ കളളപ്പണ നിരോധന നിയമത്തിലെ നാല്,അഞ്ച് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏഴ് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം.