Saturday, April 27, 2024
indiakeralaNews

ഇന്ന് സുപ്രീംകോടതി ബഫര്‍സോണ്‍ ഹര്‍ജികള്‍ പരിഗണിക്കും

ദില്ലി: ബഫര്‍സോണുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ബഫര്‍സോണ്‍ നിശ്ചയിച്ച കോടതി വിധിയില്‍ ഇളവാണ് കേന്ദ്രവും കേരളവും ആവശ്യപ്പെടുന്നത്.    കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കേരളത്തിന്റെ ആവശ്യം വിശദമായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നിലവിലുള്ള വിധി,കരട് വിജ്ഞാപനത്തിനു ബാധകമാക്കരുതെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. മതികെട്ടാന്‍ ചോലയുടെ കാര്യത്തില്‍ അന്തിമ വിജ്ഞാപനവും മറ്റുള്ളവയില്‍ കരട് വിജ്ഞാപനവുമാണ് നിലനില്‍ക്കുന്നത്.ജൂണിലെ വിധി പരിഷ്‌കരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. ഈ വിധി പുറപ്പെടുവിച്ചത് മൂന്നംഗ ബെഞ്ചാണ്.അതുകൊണ്ടു തന്നെ രണ്ടംഗ ബെഞ്ചിന് വിധിയില്‍ മാറ്റം വരുത്താനാകുമോ എന്നും ഇന്ന് പരിശോധിക്കും. ബഫര്‍സോണ്‍ വിഷയത്തില്‍ ഇടുക്കിയില്‍ സ്വീകരിച്ചിരിക്കുന്ന നപടികള്‍ വിലയിരുത്താനുള്ള യോഗം ഇന്ന് കളക്ടറേറ്റില്‍ നടക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ത വഹിക്കും. ജില്ലയിലെ തദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളും സ്വീകരിച്ച നടപടി യോഗത്തില്‍ വിശദീകരിക്കും. സര്‍വേ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളും ചര്‍ച്ച ചെയ്യും. ഇടുക്കി , പത്തനംതിട്ട , കോട്ടയം ജില്ലകളാണ് ഏറ്റവുമധികം ബഫര്‍ സോണില്‍ പ്രതിസന്ധിയിലാകുന്നത് . കോട്ടയം ജില്ലയില്‍ എരുമേലി ഗ്രാമ പഞ്ചായത്തില്‍ ബഫര്‍ സോണിന് പിന്നാലെ ജനവാസ കേന്ദ്രങ്ങളെ വനഭൂമി കണ്ടെത്തിയതും വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ് . വനഭൂമി മാറ്റിയും – ബഫര്‍ സോണില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനുമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി എത്തിയിരിക്കുന്നത് .