Sunday, May 19, 2024
indiaNewsObituary

അസം അതിര്‍ത്തിയില്‍ വെടിവെയ്പ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

അസം: വനം കൊള്ള നടന്ന അസം അതിര്‍ത്തിയിലെ മുക്രോയില്‍ വെടിവെയ്പ്പില്‍ വനം വകുപ്പ് ഉദ്യോഗസ്ഥനടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. അനധികൃതമായി മരം മുറിച്ച് കടത്തിയ മരവുമായി പോയ ട്രക്ക് അസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോള്‍ വാഹനത്തിന്റെ ടയറിന് ഉദ്യോഗസ്ഥര്‍ വെടിവെച്ച് പിടികൂടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. തുടര്‍ന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ചിലര്‍ ഓടി രക്ഷപ്പെട്ടു. അഞ്ച് മണിയോടെ ഒരു വലിയ ആള്‍ക്കൂട്ടം സംഘടിച്ച് സ്ഥലത്തെത്തി. ഇവര്‍ മേഘാലയയില്‍ നിന്നുള്ളവരായിരുന്നു.  പിടികൂടിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ അസം ഉദ്യോഗസ്ഥരെ തടഞ്ഞു. വീണ്ടും വെടിവെയ്പ്പും സംഘര്‍ഷവും ഉണ്ടായി. ഇതിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥനടക്കം നാല് പേര്‍ കൊല്ലപ്പെട്ടത്. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസ് സേന സ്ഥലത്തെത്തി. സ്ഥിതിഗതി ഇപ്പോള്‍ നിയന്ത്രണ വിധേയമാണ്. ബിദ്യാസിങ് ലഖ്‌തെ എന്നാണ് കൊല്ലപ്പെട്ട അസം വനം വകുപ്പ് ഹോം ഗാര്‍ഡിന്റെ പേര്. ഇദ്ദേഹം കൊല്ലപ്പെട്ടത് എങ്ങിനെയെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ട മറ്റ് മൂന്ന് പേരും പ്രദേശത്തുള്ളവരാണ് . ഉന്നത ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. വനമേഖലയ്ക്ക് അകത്തുള്ള ഒരിടത്ത് വെച്ചാണ് സംഭവം നടന്നത്.