Sunday, May 12, 2024
keralaNews

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ് :കുട്ടിയെയും അമ്മയെയും മാനസികമായി സമ്മര്‍ദത്തിലാക്കി ;വനിതാ പ്രിന്‍സിപ്പല്‍ പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചു.

കൊച്ചി:  ഗെസ്റ്റ് അധ്യാപകന്‍ ഉപജില്ല സ്‌കൂള്‍ കലോത്സവം കഴിഞ്ഞു മടങ്ങുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ വനിതാ പ്രിന്‍സിപ്പല്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റു ചെയ്തത് പരാതി പിന്‍വലിക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചതിനെന്ന് പൊലീസ്. വിദ്യാര്‍ഥിനിയെയും അമ്മയെയും മാനസികമായി സമ്മര്‍ദത്തിലാക്കി പരാതി പിന്‍വലിപ്പിക്കാനായിരുന്നു ശ്രമം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ട് പൊലീസിലോ അനുബന്ധ നിയമസംവിധാനത്തെയൊ വിവരം അറിയിച്ചില്ലെങ്കില്‍ കടുത്ത കുറ്റമാണെന്നിരിക്കെയാണ് വനിതാ പ്രിന്‍സിപ്പലും മറ്റു രണ്ട് അധ്യാപകരും പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചതെന്നു പൊലീസ് പറയുന്നു.പോക്‌സോ കേസില്‍ ഗെസ്റ്റ് അധ്യാപകന്‍ പട്ടിമറ്റം നടുക്കാലയില്‍ കിരണ്‍ (43) ആണ് അറസ്റ്റിലായത്. പ്രിന്‍സിപ്പല്‍ തിരുവനന്തപുരം ഗിരിധനം വീട്ടില്‍ ശിവകല (53), അധ്യാപകരായ കോട്ടയം ബ്രഹ്‌മമംഗലം നെടുംപള്ളില്‍ വീട്ടില്‍ ഷൈലജ (55), പനങ്ങാട് വെളിപറമ്പില്‍ വീട്ടില്‍ ജോസഫ് (53) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. സംഭവത്തിനു ശേഷം ഒളിവില്‍ പോയ കിരണിനെ തമിഴ്‌നാട് നാഗര്‍കോവിലില്‍ നിന്നാണു പിടികൂടിയത്. നാടുവിടുന്നതിന് ഉപയോഗിച്ച കാറും കൂടെയുണ്ടായിരുന്ന രണ്ടു പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ബുധന്‍ രാത്രി പൊന്നുരുന്നിയില്‍ നടന്ന തൃപ്പൂണിത്തുറ ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിപ്പോകുമ്പോഴാണു പെണ്‍കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയത്. ജില്ലയില്‍ ബസ് പണിമുടക്ക് നടന്ന ദിവസമായിരുന്നു. നിര്‍ധനയായ പെണ്‍കുട്ടിയെ കലോത്സവത്തിന് എത്തിക്കുന്നതിനു രക്ഷിതാക്കള്‍ക്കു മാര്‍ഗമില്ലാതെ വന്ന സാഹചര്യം മുതലെടുത്തു ബൈക്കില്‍ കൊണ്ടുപോകാം എന്നു പറഞ്ഞാണു കിരണ്‍ കുട്ടിയെ വീട്ടില്‍ നിന്നു കൊണ്ടുപോയതെന്നു പൊലീസ് പറഞ്ഞു. ബൈക്കിനു പിറകിലിരുന്ന വിദ്യാര്‍ഥിനിയോടു കിരണ്‍ ലൈംഗിക അതിക്രമം കാണിക്കുകയായിരുന്നു. സംഭവം തൊട്ടടുത്ത ദിവസം സ്‌കൂളിലെ അധ്യാപകരെ അറിയിച്ചിരുന്നുവെങ്കിലും വിവരം മൂടിവയ്ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചെന്നും പൊലീസ് പറഞ്ഞു.വിവരം അറിഞ്ഞ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പ്രതിഷേധിക്കുകയും ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. വിദ്യാര്‍ഥിനിയെ കൗണ്‍സിലിങ്ങിനു വിധേയയാക്കിയ അധ്യാപിക വിവരം പുറത്ത് അറിയിച്ചതോടെയാണ് പൊലീസ് ഇടപെട്ടു തുടര്‍നടപടി സ്വീകരിച്ചത്. ഇതിനിടെ പരാതി പിന്‍വലിപ്പിക്കാന്‍ പ്രിന്‍സിപ്പലും മറ്റ് അധ്യാപകരും ഇടപെടുകയായിരുന്നു. ഇതോടെ പൊലീസ് സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ചു പ്രതിയെ പിടികൂടാനുള്ള നടപടികളുമായി മുന്നോട്ടു പോയി. യഥാസമയം പൊലീസിനെ അറിയിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് അധ്യാപകരെയും അറസ്റ്റ് ചെയ്തു.