Tuesday, May 14, 2024
keralaNewspolitics

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ പത്ത് വൈസ് ചാന്‍സലര്‍മാരും മറുപടി നല്‍കി

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ പത്ത് വൈസ് ചാന്‍സലര്‍മാരും സമയ പരിധിക്കുള്ളില്‍ രാജ്ഭവന് മറുപടി നല്‍കി. ഇതുസംബന്ധിച്ച് ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ കോടതി നിലപാട് കൂടി അറിഞ്ഞശേഷം ഗവര്‍ണര്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. നേരിട്ട് ഹിയറിംഗ് വേണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുമെന്നും രാജ്ഭവന്‍ അറിയിച്ചു.കണ്ണൂര്‍ കുസാറ്റ് കാലിക്കറ്റ് സര്‍വകലാശാലകളിലെ വിസിമാരാണ് ഏറ്റവും അവസാനം മറുപടി നല്‍കിയത്. നേരിട്ട് വിശദീകരണം നല്‍കുന്നതിന് പകരം അഭിഭാഷകന്‍ മുഖേനയാണ് കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍ രാജ്ഭവന് മറുപടി നല്‍കിയത്. യുജിസി മാനദണ്ഡം അനുസരിച്ചുള്ള യോഗ്യതയുണ്ടെന്ന വാദത്തില്‍ വി സിമാര്‍ എല്ലാവരും ഉറച്ചുനിന്നുകൊണ്ടാണ് മറുപടി നല്‍കിയിട്ടുള്ളത്. നേരിട്ട് ഗവര്‍ണറെ കണ്ട് വിശദീകരണം നല്‍കണമെന്ന് ആവശ്യം ഉന്നയിച്ച വിസിമാര്‍ക്ക് ഹിയറിംഗിനുള്ള അവസരം നല്‍കുമെന്ന് രാജ്ഭവന്‍ അറിയിച്ചു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാ വിസി ഡോ.എം.എസ് രാജശ്രീക്ക് സ്ഥാനം ഒഴിയേണ്ടിവന്നതോടെയാണ് സംസ്ഥാനത്തെ 11 വിസിമാരോട് രാജിവെക്കാനും പിന്നീട് സ്ഥാനത്തുനിന്ന് മാറ്റാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരിക്കാനും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. യുജിസി ചട്ടം ലംഘിച്ച് നിയമനം നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വിസിമാരോട് ഗവര്‍ണര്‍ കടുത്ത നിലപാടു സ്വീകരിച്ചത്.നവംബര്‍ മൂന്ന്, നാല് തീയതികള്‍ക്കകം രേഖാമൂലം മറുപടി നല്‍കണമെന്നായിരുന്നു ആദ്യ നിര്‍ദ്ദേശം. എന്നാല്‍ നേരിട്ട് വിശദീകരണം നല്‍കുന്നതിനായി നവംബര്‍ ഏഴാം തീയതി വരെ സമയപരിധി നീട്ടി. വിസി മാരുടെ ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതി നിലപാട് കൂടി അറിഞ്ഞ ശേഷമായിരിക്കും ഗവര്‍ണര്‍ അന്തിമ തീരുമാനമെടുക്കുക. സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് കടുത്തു നില്‍ക്കുന്നസാഹചര്യത്തില്‍ വി.സി മാരുടെ ഭാവിയെ സംബന്ധിച്ച തീരുമാനം ഇരുപക്ഷത്തിനും നിര്‍ണായകമാണ്.