Sunday, May 19, 2024
Uncategorized

മാരക ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റില്‍

അടിമാലി : എം ഡി എം എ ഉള്‍പ്പെടെ നിരവധി മാരക ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റില്‍.എറണാകുളം സ്വദേശിയെ അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്. എറണാകുളം കണയന്നൂര്‍ സ്വദേശി തുരുത്തെപ്പറമ്പില്‍ സുജാ ഹുദ്ദീന്‍ ( 26) ആണ് അറസ്റ്റിലായത്. 491 മി.ഗ്രാം എം ഡി എം എ,4.5 ഗ്രാം ഹാഷിഷ് , 1.5 ഗ്രാം ചരസ്, 8 ഗ്രാം കഞ്ചാവ് എന്നീ ലഹരി വസ്തുക്കളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. അടിമാലി വിശ്വദീപ്തി സ്‌കൂളിന് സമീപം കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്.
ബാംഗ്‌ളൂരുവില്‍ നിന്നുമാണ് ലഹരി വസ്തുക്കള്‍ കടത്തി കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. ഇതിനു മുന്‍പും ഇതു പോലുള്ള കേസ്സുകളില്‍ എറണാകുളം കസ്ബ പോലീസിന്റെ പിടിയിലായിട്ടുള്ള പ്രതിയാണ് സുജാഹുദ്ദീന്‍ . എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള റേയ്ഡില്‍ റേഞ്ച് ഓഫീസര്‍ സിജുമോന്‍ കെ.എസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ സുധീര്‍ വി ആര്‍ , പ്രിവന്റീവ് ഓഫീസര്‍മാരായ വി നേഷ് സി.എസ്, അനില്‍ എം.സി. ഡ്രൈവര്‍ നാസര്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.