Friday, May 17, 2024
Uncategorized

ഹിമാചല്‍ പ്രദേശില്‍ ബിജെപി പ്രകടനപത്രിക പുറത്തിറക്കി

ഷിംല : ഹിമാചല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ഹിമാചലിലും യൂണിഫോം സിവില്‍ കോഡ് പ്രചരണ ആയുധമാക്കുകയാണ് ബിജെപി. ഉദ്യോഗാര്‍ത്ഥികളുടയും കര്‍ഷകരുടെയും ക്ഷേമമാണ് ലക്ഷ്യമെന്ന് പത്രിക പുറത്തിറക്കിക്കൊണ്ട് നദ്ദ പറഞ്ഞു. 8 ലക്ഷം പേര്‍ക്ക് ജോലി, എല്ലാ ഗ്രാമങ്ങളിലും റോഡ് നിര്‍മ്മിക്കാന്‍ 5000 കോടി ചിലവഴിക്കും. തീര്‍ഥാടന ടൂറിസം വികസനത്തിന് 12000 കോടി രൂപ ചിലവഴിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. യൂണിഫോം സിവില്‍ കോഡ് നടപ്പാക്കാന്‍ സമിതിയെ നിയോഗിക്കും. സിവില്‍ കോഡ് ഉള്‍പ്പെടെ 11 വാഗ്ദാനങ്ങളാണ് പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഷിംലയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ജയറാം താക്കൂറും കേന്ദ്ര നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ഗുജറാത്തിലും പ്രകടനപത്രികയില്‍ യൂണിഫോം സിവില്‍ കോഡ് നടപ്പാക്കുമെന്ന വാഗ്ദാനം മുന്നോട്ട് വച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും സംയുക്തമായുള്ള പ്രവര്‍ത്തനം എന്നാണ് ചടങ്ങില്‍ ഉടനീളം നദ്ദ ആവര്‍ത്തിച്ചത്. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ എന്ന പ്രചാരണം കൂടുതല്‍ ശക്തമാക്കുകയാണ് ബിജെപി. വിലയിടിവും ഉത്പാദനച്ചിലവ് കുത്തനെ കൂടിയതും പാക്കിംഗ് വസ്തുക്കളുടെ ജിഎസ്ടി കൂടിയതു മടക്കമുള്ള പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടിയുള്ള ആപ്പിള്‍ കര്‍ഷകരുടെ പ്രതിഷേധം സംസ്ഥാനത്ത് വലിയ ചര്‍ച്ചയാണ്. ഈ സാഹചര്യത്തില്‍ പാക്കിംഗ് വസ്തുക്കളുടെ ജിഎസ്ടി 12 ശതമാനമാക്കും, അധിക ജിഎസ്ടി സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.അഞ്ച് പുതിയ മെഡിക്കല്‍ കോളേജുകള്‍ പണിയും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിലെ പോരായ്മകള്‍ നീക്കും. എല്ലാ മണ്ഡലങ്ങളിലും മൊബൈല്‍ ക്ലിനിക്ക് വാനുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 900 കോടി, വഖഫ് അഴിമതി അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍, 6 മുതല്‍ 12 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂട്ടര്‍ , വനിതകള്‍ക്ക് സര്‍ക്കാര്‍ തസ്തികകളില്‍ 33 ശതമാനം സംവരണം എന്നിങ്ങനെയാണ് പത്രികയിലെ മറ്റ് വാഗ്ദാനങ്ങള്‍. ആറ് ദിവസം മാത്രമാണ് ഇനി തെരഞ്ഞെടുപ്പിനുള്ളത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.ബിജെപി ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ഭരണ വിരുദ്ധ വികാരം ശക്തമാണ്.